പത്തനംതിട്ട : ജനങ്ങൾ മാറ്റം വേണമെന്ന് ആഗ്രഹിച്ചു എന്നും പത്തനംതിട്ടയിൽ താൻ വിജയിക്കുമെന്നും ആത്മവിശ്വാസം പങ്കുവച്ച് എൻഡിഎ സ്ഥാനാർഥി അനിൽ കെ ആന്‍റണി. നല്ല ഭൂരിപക്ഷത്തോടെ താൻ വിജയിക്കും. ആന്‍റോ ആന്‍റണിക്കെതിരെ വലിയ ജനവികാരം ഉണ്ടായിരുന്നു.
കാസർകോട് മുതൽ തിരുവനന്തപുരം വരെ എല്ലാ മണ്ഡലങ്ങളിലും എൽഡിഎഫിനെതിരെ ജനവികാരമുണ്ട്. ആന്‍റോ ആന്‍റണിക്കെതിരെ അതിനേക്കാൾ വലിയ ജനവികാരമാണുള്ളത്. ഉറപ്പായും താൻ പത്തനംതിട്ടയിൽ വിജയിക്കും.
തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നിൽ കോൺഗ്രസ് പാർട്ടിയാണ് എന്നും അനില്‍ ആന്‍റണി പറഞ്ഞു. സമയമാകുമ്പോള്‍ തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചവരെപ്പറ്റിയെല്ലാം പറയാമെന്നും അനിൽ ആന്‍റണി വ്യക്തമാക്കി. ദേശീയ തലത്തിൽ കോൺഗ്രസും കമ്മ്യൂണിസ്‌റ്റും ഒരു മുന്നണിയുടെ ഭാഗമാണ്. രാജസ്ഥാനിൽ മാർക്‌സിസ്‌റ്റ് പാർട്ടിക്ക് ഒരംഗം പോലും ഉണ്ടോ എന്നറിയില്ല.
രാജസ്ഥാനിലും സിപിഎമ്മിന് സീറ്റ് കൊടുത്തിട്ടുണ്ട്. മാർക്‌സിസ്‌റ്റ് പാർട്ടിക്ക് ആകെ സ്വാധീനം ഉള്ള സംസ്ഥാനം കേരളം മാത്രമാണ്. കോൺഗ്രസും സിപിഎമ്മും തനിക്കെതിരെ ശക്തമായി മത്സരിക്കാൻ ശ്രമിച്ചു. ഇരു കൂട്ടരും പരാജയപ്പെടും. തനിക്കെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം മാത്രമാണ്.
പത്തനംതിട്ടയിൽ കോൺഗ്രസ് പരാജയം മനസിലാക്കി കഴിഞ്ഞു. ആന്‍റോ ആന്‍റണി വികസനത്തെ കുറിച്ച് ഒന്നും മിണ്ടിയില്ല. ഇവിഎം, കള്ളവോട്ട്, താമര ചിഹ്നം എന്നിവയെ പറ്റി മാത്രമാണ് ആൻ്റോ ആന്‍റണി പറഞ്ഞത് എന്നും അനില്‍ ആന്‍റണി ആരോപിച്ചു.