ആലപ്പുഴ: കൊട്ടിക്കലാശത്തിനിടെ കരുനാഗപള്ളിയിൽ സി ആർ മഹേഷ് എംഎൽഎയ്‌ക്ക് നേരെയുള്ള അക്രമം സിപിഎം ഉന്നത നേതൃത്വത്തിന്‍റെ അറിവോടെയെന്ന് ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ സി വേണുഗോപാൽ. പരാജയഭീതിയാണ് സംഘർഷത്തിന് പിന്നിൽ. യുഡിഎഫ് നേതാക്കളെയും പ്രവർത്തകരെയും ആക്രമിക്കാനുള്ള ആഹ്വാനം എകെജി സെന്‍ററിൽ നിന്ന് വന്നതിന്‍റെ അടിസ്ഥാനത്തിലാണ് സിപിഎം പ്രവർത്തകർ സംസ്ഥാനത്ത് അഴിഞ്ഞാടിയതെന്നും അദ്ദേഹം പറഞ്ഞു.
മഹേഷിന് കല്ലേറിൽ തലയ്ക്കും നെഞ്ചിലും ഗുരുതര പരിക്കേറ്റു. പാനൂർ ബോംബ് സ്ഫോടനം മുതൽ കരുനാഗപ്പള്ളിയിൽ എംഎൽഎയ്‌ക്ക് നേരെ നടന്ന കല്ലേറ് വരെ സിപിഎമ്മിന്‍റെ കലാപശ്രമങ്ങളുടെ തുടർച്ചയാണ്. സിപിഎമ്മിന് ജനാധിപത്യത്തോട് ഒട്ടും പ്രതിബദ്ധതയില്ല. ഒരുവശത്ത് മോദി കലാപാഹ്വാനം നടത്തുമ്പോൾ, മറുവശത്ത് പിണറായി കലാപത്തിനുള്ള കളമൊരുക്കുന്നതായും കെ സി വേണുഗോപാൽ പറഞ്ഞു.
കേരളത്തിലെ സമാധാനപരമായ അന്തരീക്ഷം കളങ്കപ്പെടുത്താൻ ശ്രമിക്കുന്ന വിധ്വംസക ശക്തികൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷൻ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനപ്രതിനിധിയെയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര വകുപ്പ് സിപിഎമ്മിന്‍റെ ഒത്താശയ്ക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഇത് പ്രതിഷേധാർഹം ആണെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.
കൊട്ടിക്കലാശം സമാപിക്കുന്നതിന് തൊട്ട് മുന്‍പാണ് കരുനാഗപള്ളിയില്‍ ഇടത് വലത് മുന്നണികള്‍ തമ്മിൽ ഏറ്റുമുട്ടിയത്. പൊലീസുകാർ ഇടപ്പെട്ട് ഇരു വിഭാഗങ്ങളെയും തടഞ്ഞതോടെ കല്ലേറ് നടക്കുകയായിരുന്നു. കല്ലേറിലാണ് പ്രവർത്തകർക്കും നേതാക്കൾക്കും പരിക്ക് പറ്റിയത്. തുടർന്ന് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു.