എറണാകുളം : സംസ്ഥാന നിയമ പരിഷ്‌കരണ കമ്മിഷൻ അംഗം റിട്ടയേർഡ് ജില്ല സെഷൻസ് ജഡ്‌ജി ലിസമ്മ അഗസ്‌റ്റിൻ (74) അന്തരിച്ചു. മുൻ എംപി ഡോ. സെബാസ്‌റ്റ്യൻ പോളിന്‍റെ ഭാര്യയാണ്. 1985 ൽ കാസർകോട് മുൻസിഫായി ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ചു. സബ് ജഡ്‌ജി, ജില്ല ജഡ്‌ജി, മോട്ടോർ ആക്‌സിഡന്‍റ് ക്ലെയിംസ് ട്രിബ്യൂണൽ, നിയമവകുപ്പിൽ ജോയിന്‍റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കാർഷികാദായ നികുതി, വിൽപന നികുതി അപ്പലേറ്റ് ട്രിബ്യൂണലിൽ ചെയർപേഴ്‌സണ്‍ ആയും ചെന്നൈയിലെ കമ്പനി ലോ ബോർഡിൽ ജുഡീഷ്യൽ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പോൾസ് ലോ അക്കാദമിയുടെ ഡയറക്‌ടറും ഹൈക്കോടതി ആർബിട്രേറ്ററുമായിരുന്നു. 'ഫൊർഗോട്ടൺ വിക്‌ടിം' (FORGOTTEN VICTIM) എന്ന പുസ്‌തകം എഴുതിയിട്ടുണ്ട്. സംസ്‌കാരം ശനിയാഴ്‌ച (ജൂൺ 1) രാവിലെ എറണാകുളം സെമിത്തേരിമുക്കിലെ സെന്‍റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ സെമിത്തേരിയിൽ.
കാസർകോട് ഭീമനടിയിൽ പരേതനായ അഗസ്‌റ്റിൻ പാലമറ്റത്തിന്‍റെയും പരേതയായ അനസ്‌താസിയയുടെയും മകളാണ് ലിസമ്മ അഗസ്‌റ്റിൻ മക്കൾ: ഡോൺ സെബാസ്‌റ്റ്യൻ (മാധ്യമപ്രവർത്തകൻ നോർവേ), റോൺ സെബാസ്‌റ്റ്യൻ (ഹൈക്കോടതി അഭിഭാഷകൻ), ഷോൺ സെബാസ്‌റ്റ്യൻ (മാധ്യമപ്രവർത്തകൻ/ഡോക്യുമെൻഡറി സംവിധായകൻ). മരുമക്കൾ ഡെൽമ ഡൊമിനിക് ചാവറ (ട്രിഗ്, നോർവേ), സബീന പി ഇസ്‌മയിൽ (ഗവൺമെന്‍റ് പ്ലീഡർ, ഹൈക്കോടതി).