പത്തനംതിട്ട: കൂടെ താമസിച്ച യുവാവിനെ തടിക്കഷണം കൊണ്ട് അടിച്ചുകൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 75000 രൂപ പിഴയും. തിരുവനന്തപുരം വട്ടപ്പാറ കഴുനാട് കിഴക്കേമുക്കോല മഞ്ഞാoകോട് കോളനിയിൽ പ്രകാശിനെ (39) ആണ് പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി 1 ജഡ്‌ജി ജയകുമാർ ജോൺ ശിക്ഷിച്ചത്. കോന്നി പോലീസ് 2011 ൽ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് വിധി. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണം. പിഴത്തുക കൊല്ലപ്പെട്ട ക്ലമെന്‍റിന്‍റെ പിതാവിനോ മാതാവിനോ നൽകണം (Life Imprisonment and Fine for Murder).
കോട്ടയം ആഴക്കൂട്ടം വല്ലൂർ വിളയിൽ വീട്ടിൽ താമസിച്ചുവന്ന തിരുവനന്തപുരം വാമനപുരം സ്വദേശി ക്ലമെന്‍റിനെ(30) ആണ് ഒപ്പം താമസിച്ച പ്രതി മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്നാണ് കൊലപ്പെടുത്തിയത്. പ്രകാശിനും മറ്റു തൊഴിലാളികൾക്കും ഒപ്പം താമസിച്ച് ടാറിങ് ജോലി ചെയ്‌തു വരികയായിരുന്നു ക്ലമെന്‍റ് .
2011 മേയ് 6 ന് പകൽ ഇരുവരും മദ്യപാനത്തിനിടെ വഴക്കുണ്ടായി. വൈകിട്ട് വാക്കുതർക്കവും തുടർന്ന് അടിപിടിയുമുണ്ടായി. നേരം വെളുക്കും മുമ്പ് പണി തരും എന്ന് പ്രകാശ് ക്ലമെന്‍റിനോട് പറഞ്ഞതായി പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. വഴക്കിട്ടതിലെ വിരോധം കാരണം പിറ്റേന്ന് പുലർച്ചെ 4 മണിയോടെ, വീടിന്‍റെ സിറ്റൗട്ടിൽ വച്ച് തടികഷണം കൊണ്ട് തലക്കടിക്കുകയായിരുന്നു.
ആഴത്തിൽ മുറിവേറ്റ ക്ലമെന്‍റ് മുറ്റത്ത് വീണപ്പോൾ വീണ്ടും തടികൊണ്ട് നെഞ്ചത്തും മറ്റും അടിച്ച് പരിക്കേൽപ്പിക്കുകയും, അടിവയറ്റിൽ ചവിട്ടി വൃക്ഷത്തിൽ പരിക്കുണ്ടാക്കുകയും ചെയ്‌തു. തുടർന്ന് ഒപ്പമുണ്ടായിരുന്നവരും മറ്റും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കോന്നി എസ് ഐമാരായിരുന്ന സാം ടി സാമൂവൽ, എസ് ന്യൂമാൻ എന്നിവരും പൊലീസ് ഇൻസ്‌പെക്‌ടർ ആയിരുന്ന ടി എ അന്‍റണിയും അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിലാണ് വിധിയുണ്ടായിരിക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഹരിശങ്കർ പ്രസാദ് ഹാജരായി.