തിരുവനന്തപുരം : പൗരത്വ നിയമത്തിനെതിരെ കക്ഷി ഭേദമില്ലാതെ സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ബഹുജന റാലി നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുസ്ലിം ലീഗിനെ ക്ഷണിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആരെയും പ്രത്യേകമായി ക്ഷണിക്കില്ലെന്നും ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ആർക്കുവേണമെങ്കിലും അണിചേരാമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ബിജെപിയും കോൺഗ്രസും പൗരത്വ നിയമം നടപ്പിലാക്കാതിരിക്കാൻ കഴിയില്ലെന്ന് ഒരുപോലെ പറയുന്നു. ഇരുവരും ഒരേ തൂവൽ പക്ഷികളാണ്. കോൺഗ്രസ് നേതാക്കളുടെ ബിജെപി കൂറുമാറ്റം പേടിപ്പിക്കുന്നതാണെന്നാണ് സുപ്രഭാതം ദിനപത്രത്തിന്‍റെ മുഖപ്രസംഗം. കോൺഗ്രസ് നേരിടുന്ന അപചയത്തിന്‍റെ ഫലമാണിതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. യുഡിഎഫിന്‍റെ ഭാഗമായി നിൽക്കുന്ന കക്ഷികൾക്ക് കോൺഗ്രസിനെ വിശ്വസിക്കാൻ കഴിയുന്നില്ല. കള്ളപ്പണം ഉപയോഗിച്ചാണ് ബിജെപി സീറ്റുകള്‍ നേടുന്നത്.
കോൺഗ്രസും ഇലക്‌ടറൽ ബോണ്ട് പണം കീശയിലിട്ട് നടക്കുകയാണ്. ആലപ്പുഴയിൽ കെ സി വേണുഗോപാൽ ജയിക്കില്ല. അതിനാല്‍ കോൺഗ്രസിന്‍റെ രാജ്യസഭാസീറ്റ് നഷ്‌ടപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. അത് നഷ്‌ടപ്പെട്ടാലും കുഴപ്പമില്ലെന്നാണ് കോൺഗ്രസ് നിലപാട്. കോൺഗ്രസിനെ നയിക്കാൻ ആരുമില്ലാതെ ഗതികേടിലാണ് ആ പാർട്ടി.
സിഎഎയിൽ കോൺഗ്രസിന് വ്യക്തമായ നിലപാടില്ല. എന്നാൽ ബിജെപിയെ എതിർക്കുന്ന ഏത് ശക്തിയുടെയും ഭാഗമായി മുന്നോട്ടുപോകുമെന്നതാണ് സിപിഎം നിലപാട്. പൗരത്വ നിയമം കൊണ്ടുവന്നത് ഭരണഘടനാവിരുദ്ധമായിട്ടാണ്. ചട്ടങ്ങൾ രൂപീകരിച്ച് കാലങ്ങൾക്ക് ശേഷം അടിയന്തര പ്രാധാന്യത്തോടെ കേന്ദ്രം ഇപ്പോൾ പൗരത്വ നിയമം നടപ്പിലാക്കുകയാണെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.
ഇപിയുടെ നിലപാട് വ്യക്തിപരം : ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരം ബിജെപിയും എൽഡിഎഫും തമ്മിലാണെന്ന മുന്നണി കൺവീനർ ഇ പി ജയരാജന്‍റെ നിലപാട് വ്യക്തിപരമാണ്. അതിനാല്‍ പാർട്ടി ചർച്ച ചെയ്യേണ്ട കാര്യമില്ല. കോൺഗ്രസിൽ നിന്നും കൂട്ടമായി പ്രവർത്തകരും നേതാക്കളും ബിജെപിയിലേക്ക് പോകുന്നു. മത്സരം അപ്പോൾ സ്വാഭാവികമായും ബിജെപിയും എൽഡിഎഫും തമ്മിലാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ മത്സരം നടക്കുന്നത് യുഡിഎഫും, എൽഡിഎഫും തമ്മിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുവജനോത്സവക്കോഴ : കേരള സർവകലാശാല യുവജനോത്സവത്തിൽ പ്രശ്നമുണ്ടാക്കിയത് കെഎസ്‌യു - എബിവിപി പ്രവർത്തകരാണ്. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍റെ നിലപാടാണ് കെഎസ്‌യു നടപ്പിലാക്കിയതെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.