കോഴിക്കോട്: മുക്കാളി ദേശീയപാതയിൽ മണ്ണിടിച്ചിൽ. ദേശീയപാത നിർമ്മാണത്തിൻ്റ ഭാഗമായി മണ്ണെടുത്ത് കോൺക്രീറ്റ് ചെയ്‌ത ഭാഗമാണ് ഇടിഞ്ഞ് താഴ്ന്നത്. വാഹനങ്ങൾ കടന്ന് പോയി കൊണ്ടിരിക്കുമ്പോഴാണ് സംഭവം.
തലനാരിഴക്കാണ് വാഹനങ്ങൾ അപകടത്തിൽപ്പെടാതെ രക്ഷപെട്ടത്. ഇന്ന് രാവിലെ 8 മണിയോടെയാണ് സംരക്ഷണഭിത്തി തകർന്നത്. കോൺക്രീറ്റ് ചെയ്‌ത ഭാഗം റോഡിലേക്ക് പതിക്കുകയായിരുന്നു.
മണ്ണിടിച്ചിലിനെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. റോഡിലെ മണ്ണ് മുഴുവനായി നീക്കാതെ ഇനി ഗതാഗതം നടത്താന്‍ കഴിയില്ല. അത് കൊണ്ട് ഈ വഴി പോകേണ്ട വാഹനങ്ങള്‍ വഴിതിരിച്ച് വിടുകയാണ്.
കണ്ണൂർ ഭാഗത്ത് നിന്നും കുഞ്ഞിപ്പള്ളിയിൽ നിന്നും വടകര ഭാഗത്ത് നിന്നുമുള്ള വാഹനങ്ങൾ കൈനാട്ടിയിൽ നിന്നുമാണ് വഴി തിരിച്ച് വിടുന്നത്. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ദേശീയപാതയില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. മണ്ണിടിഞ്ഞ് വീണ ഭാഗങ്ങളിൽ വീണ്ടും അപകടത്തിന് സാധ്യതയുണ്ട്.
കഴിഞ്ഞ കാലവർഷത്തിൽ ഈ ഭാഗം തകർന്ന് വീണതിനെ തുടർന്ന് റവന്യു അധികൃതർ സ്ഥലം സന്ദർശിച്ച് സംരക്ഷണ ഭിത്തി ഒരുക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ മാസമാണ് കോൺക്രീറ്റ് ചെയ്‌ത് ഈ ഭാഗം ഉറപ്പിച്ച് നിർത്തിയത്.
സംഭവത്തിൽ നാട്ടുകാർ വലിയ പ്രതിഷേധത്തിലാണ്. സമീപ പ്രദേശങ്ങളിലും മതിലിലും വിള്ളൽ കണ്ടെത്തിയതോടെ പ്രദേശവാസികൾ ഭീതിയിലാണ്. ജനങ്ങളുടെ സുരക്ഷ വകവെക്കാതെ ദേശീയപാത അതോരിറ്റി തോന്നിയത് പോലെ നിർമ്മാണം നടത്തുന്നു എന്നാണ് ഉയരുന്ന ആരോപണം.
ചോമ്പാല പൊലീസും അഗ്നിശമന സേനയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. റവന്യൂ അധികൃതർ സ്ഥലത്ത് എത്തിയതിന്ന് ശേഷം മാത്രമേ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിക്കുകയുള്ളൂ. മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തി അപകടം നിറഞ്ഞതാണെന്ന് അധികൃതർ അറിയിച്ചു. സ്ഥലത്ത് ശക്തമായ മഴ തുടരുകയാണ്.
Also Read : ദേശീയപാതയോരത്ത് ഭീഷണിയായി മരങ്ങള്‍; കാത്തിരിക്കുന്നത് അപകടം - ROAD SIDE TREE ISSUE IN IDUKKI