എറണാകുളം: പിറവം പേപ്പതിയിൽ കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് മരിച്ച പശ്ചിമബംഗാൾ സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. ഇന്ന് (മാർച്ച് 7) രാത്രി ഒമ്പത് മണിയോടെ സ്വദേശത്തേക്ക് അയയ്ക്കും. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ മൃതദേഹങ്ങൾ പശ്ചിമ ബംഗാളിലേക്ക് കൊണ്ടുപോകും.
ഇന്നലെ (മാർച്ച് 6) വൈകീട്ട് അഞ്ചര മണിയോടെയാണ് അപകടമുണ്ടായത്. കെട്ടിട നിർമാണവേളയിൽ മണ്ണ് നീക്കുന്നതിനിടെ മണ്ണിടിഞ്ഞാണ് അപകടമുണ്ടായത്. മരിച്ച മൂന്ന് പേരും പശ്ചിമബംഗാൾ സ്വദേശികളാണ്. കൊൽക്കത്ത ഭോലഡംഗ ജില്ലയിൽ ബംഗാരിയ സ്വദേശി ഗൗർ മണ്ഡൽ(29), നോർത്ത് 24 ഫർഗാനയിൽ ഹാർബ സ്വദേശി സുകുമാർ ഘോഷ് (45), കുമര കാശിപൂർ സ്വദേശി സുബ്രത കിർത്താനിയ (37) എന്നിവരായിരാണ് മരിച്ചത്.
നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ അൻപതടിയോളം മുകളിൽനിന്നാണ് തൊഴിലാളികളുടെ ശരീരത്തിലേക്ക് മണ്ണിടിഞ്ഞു വീണത്. മൂന്ന് പേരും മണ്ണിനടിയിൽ പെടുകയായിരുന്നു. അപകട വിവരം അറിഞ്ഞയുടൻ പിറവം, മുളന്തുരുത്തി അഗ്നിരക്ഷാ സേനയും പോലീസുകാരും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയിരുന്നു. തുടർന്ന് ഏഴര മണിയോടെയാണ് തൊഴിലാളികളെ കണ്ടെത്തിയത്.
ആശുപത്രിയിലെത്തിച്ചെങ്കിലും മൂവരും മരിച്ചിരുന്നു. കുന്ന് ഇടിച്ച് നടത്തിയ അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളാണ് ദുരന്തത്തിനിടയാക്കിയതെന്നാണ് നാട്ടുകാർ വിമർശനം ഉന്നയിക്കുന്നത്.
തൊഴിൽ വകുപ്പിന്‍റെ നേതൃത്വത്തിലാണ് മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചത്. അപകടം നടന്ന ഉടൻതന്നെ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നേരിട്ട് ജില്ലാ ലേബർ ഓഫിസറുമായി ബന്ധപ്പെടുകയും സ്ഥലം സന്ദർശിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കുവാൻ നിർദ്ദേശം നൽകുകയും ചെയ്‌തിരുന്നു. ജില്ലാ ലേബർ ഓഫിസർ പി. ജി. വിനോദ് കുമാറും മറ്റ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തും ആശുപത്രികളിലും നേരിട്ടെത്തി തൊഴിൽ വകുപ്പ് മന്ത്രിക്ക് വിശദമായ റിപ്പോർട്ട് സമർപ്പിച്ചു.
മന്ത്രിയുടെ നിർദേശനുസരണമാണ് തുടർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമാർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചു. ജില്ലാ ലേബർ ഓഫീസർ പി.ജി. വിനോദ് കുമാർ ഭൗതിക ശരീരങ്ങളിൽ റീത്ത് സമർപ്പിച്ചു.
Also read: മൂന്ന് മരണം; പിറവത്ത് മണ്ണിടിക്കുന്നതിനിടെ അപകടം, മൂന്ന് അതിഥി തൊഴിലാളികള്‍ മരിച്ചു