കൊല്ലം : റോഡരികിലെ കേബിള്‍ കുരുങ്ങി സ്‌കൂട്ടറില്‍ ഇരിക്കുകയായിരുന്ന വീട്ടമ്മയ്‌ക്ക് പരിക്ക്. കൊല്ലം കരുനാഗപ്പള്ളി തഴവ കൊച്ചു കുറ്റിപ്പുറത്ത് വളാലിൽ മുക്കിൽ താമസിക്കുന്ന സന്ധ്യ (43)യ്ക്കാണ് പരിക്കേറ്റത്. തടി കയറ്റിവന്ന ലോറിയിൽ കുരുങ്ങിയ കേബിൾ പൊട്ടുകയായിരുന്നു. തുടര്‍ന്ന് ലോറിയിൽ തന്നെ കുരുങ്ങിയ കേബിള്‍ മുന്നോട്ട് പോകവേ, ഭർത്താവിൻ്റെ വർക് ഷോപ്പിന് മുന്നിൽ സ്‌കൂട്ടറിൽ ഇരിക്കുകയായിരുന്ന സന്ധ്യ കേബിളിൽ കുരുങ്ങി.
20 മീറ്ററോളം ദൂരം ഇവര്‍ കേബിളിൽ കുരുങ്ങി മുന്നോട്ട് പോയി. തുടര്‍ന്ന് തെറിച്ചു വീഴുകയായിരുന്നു. കേബിളിൽ കുരുങ്ങിയ സ്‌കൂട്ടർ ഉയർന്നു പൊങ്ങി സന്ധ്യയുടെ ദേഹത്തേക്കാണ് വീണത്. സംഭവം കണ്ട നാട്ടുകാർ സ്‌കൂട്ടർ എടുത്ത് മാറ്റി സന്ധ്യയെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു.
പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോളെല്ലിന് പൊട്ടലേറ്റ സന്ധ്യ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അപകടത്തിന് ശേഷം നിർത്താതെ പോയ ലോറി നാട്ടുകാർ തടഞ്ഞു നിർത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
Also Read : പെട്രോൾ പമ്പിലെ ആത്മഹത്യ ശ്രമം; ചികിത്സയിലായിരുന്ന 43കാരന്‍ മരിച്ചു - SUICIDE ATTEMPT IN PETROL PUMP