കാസർകോട്: പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരം കണ്ട് നാട് തേങ്ങി. കുവൈറ്റിൽ തീപിടിത്തത്തിൽ മരണമടഞ്ഞവർക്ക് കണ്ണീരിൽ കുതിർന്ന വിട നൽകി ജന്മനാട്. ചെർക്കള സ്വദേശി രഞ്ജിത്ത്, സൗത്ത് തൃക്കരിപ്പൂർ സ്വദേശി കേളു എന്നിവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്നലെ രാത്രിയോടെയാണ് പൂര്‍ത്തിയായത്.
കുടുംബത്തിന്‍റെ ബാധ്യത മുഴുവൻ ചുമലിലേറ്റി 10 വർഷം മുൻപ് പ്രവാസിയായവനാണ് കെ രഞ്ജിത്ത്. പ്രിയപ്പെട്ടവനെ ഒരു നോക്ക് കാണാൻ നൂറ് കണക്കിന് ആളുകളാണ് ചെർക്കള കുണ്ടടുക്കത്തെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. മൃതദേഹം എത്തുന്നത്തിന് മണിക്കൂറുകൾക്ക് മുൻപ് സുഹൃത്തുക്കളെയും ബന്ധുക്കളെയും കൊണ്ട് വീട് നിറഞ്ഞു.
രാത്രി എട്ടരയോടെ രഞ്ജിത്തിനെയും വഹിച്ച് ആംബുലൻസ് എത്തിയതോടെ കാത്ത് നിന്നവരുടെ കണ്ണുകൾ നിറഞ്ഞു. എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, സി എച്ച് കുഞ്ഞമ്പു ജില്ല കലക്‌ടര്‍ കെ ഇമ്പശേഖർ ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദർ ബദരിയ എന്നിവരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ള നൂറുകണക്കിനാളുകളും അന്ത്യാഞ്ജലിയർപ്പിച്ചു. ഒരു മണിക്കൂറോളം നീണ്ട പൊതുദർശനത്തിനൊടുവിൽ ചെർക്കള കുണ്ടടുക്കത്തെ വീടിന് സമീപത്തെ കുടുംബ ശ്‌മശാനത്തിൽ രഞ്ജിത്തിന് അന്ത്യ വിശ്രമം.
സൗത്ത് തൃക്കരിപ്പൂർ തെക്കുമ്പാട് കേളുവിൻ്റെ മൃതദേഹം കാലിക്കടവിൽ എം രാജഗോപാലൻ സബ്‌കലക്‌ടർ സൂഫിയാൻ അഹമ്മദ് ഹൊസ്‌ദുർഗ് തഹസിൽദാർ എം മായ തദ്ദേശസ്ഥാപന ജനപ്രതിനിധികൾ എന്നിവർ ഏറ്റുവാങ്ങി തെക്കുമ്പാട്ടെ വീട്ടിൽ എത്തിച്ചു. നൂറുകണക്കിനാളുകളാണ് നാടിൻ്റെ പ്രിയപ്പെട്ടവന് യാത്രാമൊഴിയേകാൻ പാതയോരത്തും വീട്ടിലും കാത്തുനിന്നത്. തൃക്കരിപ്പൂർ തെക്കുമ്പാട്ടെ വീട്ടിലായിരുന്നു കുഞ്ഞിക്കേളുവിന്‍റെ സംസ്‌കാര ചടങ്ങുകൾ.
മൂത്ത മകൻ ഋഷികേശ് ചിതയ്ക്ക് തീകൊളുത്തി. നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഇരുവരുടെയും മരണം.
Also Read: കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി: കുടുംബ പ്രശ്‌നമെന്ന് സൂചന