കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ പതിനെട്ടുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ കുടുംബം സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. വീഴ്‌ചവരുത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് മരിച്ച മുഹമ്മദ് റിജാസിൻ്റെ കുടുംബം പരാതി നൽകിയത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് റിജാസിന്‍റെ പിതാവ് ആലി മുസ്‌ലിയാരുടെ പരാതിയിലുണ്ട്.
തന്‍റെ മകനെ നഷ്‌ടപ്പെടാൻ ഇടയാക്കിയത് കെഎസ്ഇബിയുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത വീഴ്‌ചയാണെന്ന് മനസിലായി. കുടുംബത്തിന് അത്താണിയാകേണ്ട ആളെയാണ് നഷ്‌ടപ്പെട്ടത്. ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാണിച്ചാണ് പരാതി നൽകിയത്.
മഴ പെയ്‌തപ്പോൾ കയറി നിന്ന മുഹമ്മദ് റിജാസിന് കടവരാന്തയിലെ ഇരുമ്പ് തൂണിൽ പിടിച്ചപ്പോഴാണ് ഷോക്കേറ്റത്. കടയിലേക്കുള്ള വൈദ്യുതി കണക്ഷനിൽ തകരാർ ഉള്ളതായി കടയുടമ നേരത്തെ തന്നെ കെഎസ്ഇബിയെ അറിയിച്ചിരുന്നു. എന്നാൽ, ഒരാൾ വന്നു നോക്കിയ ശേഷം തിരിച്ചു പോയതല്ലാതെ നടപടിയെടുത്തില്ല.
പിന്നാലെയാണ് അപകടമുണ്ടായത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കോഴിക്കോട് ഗാന്ധിനഗർ കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മിഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ഉത്തരവിട്ടത്.
കേസ് ജൂൺ 25 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും. പുതിയൊട്ടിൽ അലി മുസ്‌ലിയാർ നദീറ ദമ്പതികളുടെ മകനായ മുഹമ്മദ് റിജാസ് പ്ലസ് ടു ഫലം അറിഞ്ഞതിനുശേഷം ഏവിയേഷൻ കോഴ്‌സിന് പോകാനിരിക്കെയായിരുന്നു അപകടം.
ALSO READ: കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; അട്ടിമറി ശ്രമം നടക്കുന്നതായി ആക്ഷൻ കമ്മിറ്റി