ഇടുക്കി: നെടുങ്കണ്ടത്ത് കുടുംബശ്രീ സംരംഭം അടച്ചു പൂട്ടല്‍ ഭീഷണിയില്‍. സന്യാസിയോടയില്‍ പ്രവര്‍ത്തിയ്ക്കുന്ന സമൃദ്ധി ന്യൂട്രിമിക്‌സ് എന്ന വനിത കൂട്ടായ്‌മ ആണ് അടച്ചു പൂട്ടല്‍ ഭീഷണിയില്‍ പ്രതിസന്ധിയിലായിരിക്കുന്നത്. അംഗനവാടി കുട്ടികള്‍ക്കായി വിതരണം ചെയ്‌ത അമൃതം പൊടിയുടെ പണം ഗ്രാമ പഞ്ചായത്ത് നല്‍കാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം.
അയ്യപ്പന്‍കോവില്‍ ഗ്രാമ പഞ്ചായത്തില്‍ നിന്നും പത്തര ലക്ഷത്തോളം രൂപയാണ് ഇവര്‍ക്ക് ലഭിയ്ക്കാനുള്ളത്. ആറ് വനിതകള്‍ ചേര്‍ന്ന്, ബാങ്ക് വായ്‌പ എടുത്ത് ആരംഭിച്ച സംരംഭമാണ് സമൃദ്ധി കുടുംബശ്രീ. അംഗനവാടികുട്ടികള്‍ക്കായുള്ള അമൃതം പൊടി ഉള്‍പ്പടെയുള്ള ഭക്ഷ്യ വസ്‌തുക്കളാണ് ഇവര്‍ ഉത്പാദിപ്പിച്ചിരുന്നത്. ഹൈറേഞ്ചിലെ ആറ് പഞ്ചായത്തുകളിലെ അംഗനവാടികളില്‍ ഇവര്‍ അമൃതം പൊടി നല്‍കുന്നുണ്ട്.
എന്നാല്‍ കോവിഡ് കാലഘട്ടത്തിലടക്കം, അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ വിതരണം ചെയ്‌ത ഉത്പന്നങ്ങളുടെ പണം ഇവര്‍ക്ക് ലഭിച്ചിട്ടില്ല. ഇതോടെ, അസംസ്‌കൃത വസ്‌തുക്കള്‍ വാങ്ങാന്‍ പണം ഇല്ലാതാവുകയും സ്വര്‍ണ്ണം പണയം വെച്ചും, കടം വാങ്ങിയും അസംസ്‌കൃത വസ്‌തുക്കള്‍ വാങ്ങി കുറച്ച് കാലം കൂടി സ്ഥാപനം തുറന്നു പ്രവര്‍ത്തിച്ചു. നിലവില്‍ വിവിധ ഇടങ്ങളില്‍ പലിശ അടക്കം 17 ലക്ഷത്തോളം രൂപ കടക്കെണിയിലാണ് ഇവര്‍.
മുഖ്യമന്ത്രിയുടെ നവകേരളാ സദസില്‍ അടക്കം പരാതി നല്‍കിയെങ്കിലും പ്രശ്‌നത്തിന് ഇതുവരെയും പരിഹാരം ഉണ്ടായിട്ടില്ല. പഞ്ചായത്ത് കമ്മറ്റിയുടെ അംഗീകാരമില്ലാതെ ഐസിഡിഎസ് ഉത്പന്നങ്ങള്‍ വാങ്ങിയതാണ് പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് പഞ്ചായത്തിന്‍റെ വിശദീകരണം. സര്‍ക്കാര്‍ തീരുമാനം ഉണ്ടെങ്കില്‍ പണം കൈമാറാനാകുമെന്നും പഞ്ചായത്ത് അറിയിച്ചു (The Kudumbashree initiative in Nedunkandam is under threat of closure).
അതേസമയം കോടതിയെ സമീപിയ്ക്കാനാണ് പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശിച്ചതെന്നാണ് സംരഭകര്‍ പറയുന്നത്. രണ്ട് പതിറ്റാണ്ടുകാലം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന കുടുംബശ്രീ സംരഭത്തിനാണ് നിലവില്‍ പൂട്ട് വീഴാന്‍ തുടങ്ങുന്നത്. സര്‍ക്കാരിന്‍റെ അടിയന്തിര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുന്നതിനൊപ്പം ഈ സംരംഭകരുടെ ജീവിതവും വഴിമുട്ടുന്ന അവസ്ഥയിലാണ്.