തിരുവനന്തപുരം : 'സമയ ലാഭവും വൻ വിളവെടുപ്പുമാണ് കൃഷിയിലെ ആധുനികവത്കരണം കൊണ്ടുള്ള ഏറ്റവും വലിയ ഗുണം'. ഒരു വയസുള്ള കൈക്കുഞ്ഞുമായി മലപ്പുറം, വായിക്കാട് നിന്നും തിരുവനന്തപുരത്ത് എത്തിയ ജസ്‌നയ്ക്ക് നൂതന കൃഷി രീതികളെ കുറിച്ച് പറയാനുള്ളത് ഇതാണ്. സംസ്ഥാനത്തെ കുടുംബശ്രീയുടെ സംഘകൃഷി കൂട്ടായ്‌മകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 49 പേരിൽ ഒരാളായാണ് തിരുവനന്തപുരം കിഴങ്ങു ഗവേഷണ കേന്ദ്രത്തിൽ ജസ്‌ന മകൾ ഐഷയുമായി ഡ്രോൺ പറത്തൽ പഠിക്കാനെത്തിയത്. ജനുവരിയിൽ ചെന്നൈ ആസ്ഥാനമായ ഗരുഡ എയറോ സ്പേസ് ട്രെയിനിങ് സെന്‍ററിൽ നിന്നും 10 ദിവസത്തോളം നീണ്ടു നിന്ന ട്രെയിനിങ് പൂർത്തിയാക്കി 10 വർഷത്തേക്ക് ഡ്രോൺ പറത്തൽ ലൈസൻസ് നേടിയാണ് ജസ്‌ന രണ്ടാം ഘട്ട ട്രെയിനിങ്ങിനായി തിരുവനന്തപുരം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിലെത്തിയത്.
ഡ്രോണുകള്‍ ഉപയോഗിച്ചുള്ള വിത്തു നടീല്‍, വിളകളുടെ വളര്‍ച്ച നിരീക്ഷണം, കീടനാശിനികളുടെയും വളങ്ങളുടെയും പ്രയോഗം എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. 20 കിലോ വരെ ഉയർത്താൻ ശേഷിയുള്ള ഡ്രോണുകളിലാണ് പരിശീലനം. ഫീൽഡ് തല പരിശീലനം ആദ്യ ഘട്ടം പൂർത്തിയായാൽ രണ്ടാം ഘട്ടം ആരംഭിക്കും.
ഫേർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിന്‍റേ നേതൃത്വത്തില്‍ കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷമാണ് എല്ലാവർക്കും ഡ്രോൺ ലഭിക്കുന്നത്. ഡ്രോൺ പറത്താൻ ചെന്നൈയിൽ പോയി ലൈസൻസ് നേടിയെങ്കിലും ക്ലാസുകൾ ഇംഗ്ലീഷിലായിരുന്നു. പാടത്തിറങ്ങി ഡ്രോണ്‍ പറത്താന്‍ മാതൃഭാഷയായ മലയാളത്തിൽ തന്നെ പരിശീലനം വേണമെന്ന ആവശ്യം ഉയർന്നതോടെയാണ് കുടുംബശ്രീ, കിഴങ്ങ് ഗവേഷണ കേന്ദ്രവുമായി കൈകോർത്ത് മലയാളത്തിലുള്ള പരിശീലനത്തിന് വഴിയൊരുക്കിയത്.
രണ്ട് ദിവസം നീണ്ടുനിൽക്കുന്ന വളമിടലും കീടനാശിനി പ്രയോഗവും അര മണിക്കൂറിൽ തീർക്കാമെന്ന പ്രതീക്ഷയാണ് എറണാകുളത്ത് നിന്നുമെത്തിയ മിനിയും സംഘവും പങ്കുവയ്ക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ പ്രഖ്യാപിച്ച പദ്ധതി രാജ്യത്ത് തന്നെ ഇത്ര ഫലപ്രദമായി നടപ്പാക്കിയത് കേരളത്തിൽ മാത്രമാണ്. കുടുംബശ്രീയുടെ പാടങ്ങളിൽ ഇനി ഡ്രോണുകൾ വട്ടമിട്ടുപറക്കാൻ വൈകില്ല.