ഇടുക്കി: വിദ്യാഭ്യാസ മേഖലയിലെ മൂല്യച്യുതിയ്‌ക്കെതിരെ സമര പോരാട്ടങ്ങൾ നടത്തുമെന്ന് കെഎസ്‌യു സംസ്ഥാന നേതൃത്വം. സമരങ്ങൾ മൂലം കേസുകളിൽ അകപ്പെടുന്നവർക്ക് എല്ലാവിധ പിന്തുണയും നൽകും. കേസുകൾ കെഎസ്‌യു നടത്തും. പാർട്ടി നേതൃത്വത്തോട് പിന്തുണ അഭ്യർഥിക്കുമെന്നും സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ അറിയിച്ചു.
കെഎസ്‌യു സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനങ്ങൾ സ്വീകരിച്ചത്. രണ്ട് ദിവസങ്ങളിലായി ഇടുക്കി രാമക്കൽമേട്ടിൽ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് അടുത്ത അധ്യയന വർഷം നടപ്പിലാക്കേണ്ട കാര്യങ്ങൾ തീരുമാനിച്ചത്.
ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾക്കാണ് രൂപം നൽകിയിരിക്കുന്നത്. സംഘടനാ രാഷ്‌ട്രീയ വിഷയങ്ങൾ, പാർലമെന്‍റ് ഇലക്ഷൻ അവലോകനം, കോളജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായ മുന്നേറ്റം നിലനിർത്താനും നഷ്‌ടപെട്ട യുണിയനുകൾ പിടിച്ചെടുക്കാനുമുള്ള ആക്ഷൻ പ്ലാനിനും യോഗത്തിൽ രൂപരേഖ തയ്യാറാക്കി.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിദ്യാഭ്യാസ മേഖലയിൽ അടിച്ചേല്‍പിയ്ക്കുന്ന നിലപാടുകൾക്കെതിരെ തുടർ സമരങ്ങൾ സംഘടിപിക്കും. പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി രണ്ട് മേഖല ക്യാമ്പുകളും സംഘടിപിക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള പ്രവർത്തകരെ ഉൾപ്പെടുത്തി ആദ്യ ക്യാമ്പ് 24 മുതൽ 26 വരെ നെയ്യാർ രാജീവ് ഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ടിൽ നടക്കും.