തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർക്ക് മാസം തോറും 5ാം തീയതിക്ക് മുമ്പ് ശമ്പളം നൽകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പും 10ന് മുമ്പ് ആദ്യ ഗഡു നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഉറപ്പും വീണ്ടും തെറ്റി. ഏപ്രിൽ മാസത്തെ ശമ്പളത്തിന്‍റെ ആദ്യ ഗഡു പോലും മെയ് 13 കഴിഞ്ഞിട്ടും ജീവനക്കാർക്ക് നൽകിയില്ല. ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ഇന്ന് (മെയ് 13) സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ബിഎംഎസ് യൂണിയന്‍.
കടുത്ത സമര പരിപാടികളിലേക്ക് കടക്കാനാണ് ഐഎൻടിയുസി, എഐടിയുസി യൂണിയനുകളുടെയും നീക്കം. വിദേശത്തുള്ള ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ മെയ് 15ന് തിരികെയെത്തിയതിന് ശേഷമേ ശമ്പളക്കാര്യത്തിൽ തീരുമാനം ഉണ്ടാകൂവെന്നാണ് ലഭിക്കുന്ന വിവരം. മെയ് പകുതിയായിട്ടും ശമ്പളം ലഭിക്കാത്തതിനാൽ കടുത്ത പ്രതിസന്ധിയിലാണ് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍.