തിരുവനന്തപുരം : നടുറോഡിലെ വാക്കുതര്‍ക്കത്തില്‍ ആര്യ രാജേന്ദ്രനും ഭർത്താവും ബാലുശ്ശേരി എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു ഇന്ന് കോടതിയെ സമീപിക്കും. തിരുവനന്തപുരം വഞ്ചിയൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്യുകയെന്ന് യദു പറഞ്ഞു. കഴിഞ്ഞ ശനിയാഴ്‌ച രാത്രി നടന്ന സംഭവത്തിൽ ആദ്യം കന്‍റോണ്‍മെന്‍റ് പൊലീസിൽ പരാതിപ്പെട്ടത് താനാണെന്നാണ് യദു അവകാശപ്പെടുന്നത്.
മേയറും ഇതേ ദിവസം പരാതി സമർപ്പിച്ചിരുന്നു. എന്നാൽ യദുവിന്‍റെ പരാതിയിൽ ഇതുവരെ കന്‍റോണ്‍മെന്‍റ് പൊലീസ് കേസ് പോലും രജിസ്റ്റർ ചെയ്‌തിരുന്നില്ല. ഇതിനെതിരെയാണ് ഇന്ന് കോടതിയെ സമീപിക്കുക.
ഗതാഗത മന്ത്രിയുടെ ഓഫിസിൽ ഉൾപ്പെടെ മേയർ നൽകിയ പരാതിയിൽ കെഎസ്ആർടിസിയുടെ വിജിലൻസിന്‍റെ അന്വേഷണവും പുരോഗമിക്കുകയാണ്. തത്കാലം ജോലിയിൽ പ്രവേശിക്കണ്ടെന്നാണ് താത്കാലിക ജീവനക്കാരനായ യദുവിന് നൽകിയിട്ടുള്ള നിർദേശം. കെ എസ്ആർടിസി ബസിന്‍റെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കാണാതായ സംഭവവും കോടതിയിൽ യദുവിന്‍റെ അഭിഭാഷകൻ ഉന്നയിക്കും.
യദു മുൻ കാലങ്ങളിൽ ഉൾപ്പെട്ട കേസുകളുടെ എഫ്ഐആർ ഉൾപ്പെടെ നേരത്തെ പുറത്ത് വന്നതിന് പിന്നാലെ ചലച്ചിത്ര താരം റോഷ്‌നിയും ഇന്നലെ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ ആരോപണവുമായി രംഗത്ത് വന്നിരുന്നു. വിഷയത്തിൽ ഡിവൈഎഫ്ഐയും പാർട്ടി നേതൃത്വവും മേയർക്ക് പിന്തുണയുമായി രംഗത്തുണ്ട്.