കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ഇബി വൈദ്യുതി വിച്‌ഛേദിച്ച സംഭവത്തില്‍ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചില്‍ സംഘര്‍ഷം. കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസിലെ പ്രതികളുടെ വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷൻ തിരുവമ്പാടി കെഎസ്ഇബി കഴിഞ്ഞ ദിവസം വിച്‌ഛേദിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് റാന്തൽ വിളക്കേന്തിയാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. മാർച്ച് കെഎസ്ഇബി ഓഫീസിനു മുമ്പിൽ വച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചെരിപ്പുകളും മറ്റും കെഎസ്ഇബി ഓഫീസിന് നേരെ വലിച്ചെറിഞ്ഞു. ഇത് പ്രവർത്തകരും പൊലീസും തമ്മിലുളള സംഘര്‍ഷത്തില്‍ കലാശിച്ചു. പിന്നീട് നേതാക്കൾ ഇടപെട്ട് സംഘർഷത്തിന് അയവ് വരുത്തി.
വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്‌ണൻകുട്ടി റസാക്കിന്‍റെ വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷൻ ഉടൻ പുനസ്ഥാപിക്കും എന്ന ഉറപ്പ് നൽകിയിട്ടും ഇതുവരെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാത്തതാണ് സമരത്തിന് കാരണം. ഇത് കെഎസ്ഇബി അധികൃതരുടെ പിടിവാശിയാണെന്നാണ് സമരക്കാർ ആരോപിക്കുന്നത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് റസാക്കും ഭാര്യ മറിയവും കഴിഞ്ഞ ദിവസം കെഎസ്ഇബിക്ക് മുന്നിൽ മെഴുകുതിരി കത്തിച്ച് സമരം നടത്തി. സമരത്തിനിടയിൽ ഹൃദ്രോഗിയായ റസാക്ക് കുഴഞ്ഞുവീഴുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജായി വീട്ടിലെത്തിയപ്പോഴും വൈദ്യുതി പുനസ്ഥാപിച്ചിരുന്നില്ല. തുടര്‍ന്ന് വീട്ടിൽ കയറാതെ വീടിന് മുന്നിൽ കിടന്നു പ്രതിഷേധിക്കുകയാണ് റസാക്ക്. വീട്ടിലെ വൈദ്യുതി പുനസ്ഥാപിക്കുന്നതുവരെ സമരം ചെയ്യാനാണ് റസാക്കിന്‍റെയും ഭാര്യ മറിയത്തിൻ്റെയും തീരുമാനം.
അതേസമയം കെഎസ്ഇബി ജീവനക്കാർ തന്നെ ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി കെഎസ്ഇബി ആക്രമണക്കേസിൽ പിടിയിലായ പ്രതികളുടെ മാതാവ് മറിയം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇവരിൽ നിന്നും വിശദമായ മൊഴിയെടുത്തു. നേരത്തെ കെഎസ്ഇബി ഓഫീസിൽ ആക്രമണം നടത്തി എന്ന പരാതിയില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്‌ത് റിമാൻഡിലാക്കിയിരുന്നു. പ്രതികളുടെ മാതാവിൻ്റെ പരാതി കൂടി ആയതോടെ തിരുവമ്പാടി കെഎസ്ഇബി ആക്രമണക്കേസ് പുതിയ വഴിത്തിരിവിലേക്ക് മാറുകയാണ്.
സംഭവത്തിൽ പ്രഥമ ദൃഷ്ട്യാ മനുഷ്യാവകാശ ലംഘനം നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഒരാഴ്‌ചക്കകം റിപ്പോർട്ട് നൽകാന്‍ കെഎസ്ഇബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: ഇങ്ങനൊന്ന് ആദ്യം: ഓഫിസ് ആക്രമിച്ചവരുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച് കെഎസ്‌ഇബി