തിരുവനന്തപുരം : രാത്രികാല വൈദ്യുത ഉപഭോഗം കുതിച്ചുകയറുന്ന സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കെഎസ്‌ഇബി ഡയറക്‌ടര്‍മാര്‍ യോഗം ചേരുന്നു. എം.ഡി ഡോ.രാജന്‍ എന്‍ ഖോബ്രഗഡെ ഐ എ എസിന്‍റെ നേതൃത്വത്തിലാണ് യോഗം. രാത്രി 10ന് ശേഷം സംസ്ഥാനത്തിന്‍റെ വിവിധ നഗര മേഖലകളില്‍ സബ് സ്‌റ്റേഷനുകളും ഫീഡറുകളും വ്യാപകമായി കേടാവുകയാണ്.
വൈദ്യുതി പ്രതിസന്ധി സംസ്ഥാനം നേരിടുന്നില്ലെന്നും നിലവിലെ പ്രശ്‌നം പൂര്‍ണമായും സാങ്കേതിക കാരണങ്ങള്‍ മൂലമാണെന്നും വൈദ്യുതി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്നത്തെ യോഗത്തിന് ശേഷം മറ്റന്നാള്‍ കെ എസ് ഇ ബി എംഡിയും ഡയറക്‌ടര്‍മാരുമടങ്ങുന്ന സംഘം വൈദ്യുതി മന്ത്രി കെ കൃഷ്‌ണന്‍ കുട്ടിയുമായി ചര്‍ച്ച നടത്തും. ഇതിനുശേഷം മുഖ്യമന്ത്രിയുടെ മുന്നില്‍ വിഷയം അവതരിപ്പിക്കും. ഇന്നലെ മാത്രം സംസ്ഥാനത്ത് 11.31 കോടി യൂണിറ്റ് വൈദ്യുത ഉപഭോഗമാണ് നടന്നത്.
പീക്ക് ടൈമില്‍ ഇത് 5646 മെഗാവാട്ട് എന്ന റെക്കോര്‍ഡ് വൈദ്യുത ഉപഭോഗവും രേഖപ്പെടുത്തിയിരുന്നു. പീക്ക് മണിക്കൂറുകളില്‍ വൈദ്യുത ഉപഭോഗം കുതിച്ചുകയറുമ്പോള്‍ അമിതമായ ലോഡ് വരുന്നതാണ് അപ്രഖ്യാപിത പവര്‍ കട്ടിന് കാരണമെന്നാണ് വൈദ്യുതവകുപ്പിന്‍റെ വിശദീകരണം. ജീവനക്കാരെ ഇതിന്‍റെ പേരില്‍ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മന്ത്രിയുടെ ഓഫീസ് അറിയിക്കുന്നു.