പാലക്കാട്: വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗവും മുൻ മന്ത്രിയുമായ കെ പി രാജേന്ദ്രൻ. പാലക്കാട് മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ പ്രതികാര മനോഭാവത്തോടെ കേരളത്തെ സാമ്പത്തികമായി ഞെരുക്കുമ്പോൾ യോജിച്ച് നിന്ന് പ്രതിരോധിക്കാൻ യുഡിഎഫ് തയ്യാറാവുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വിവാദങ്ങൾക്കല്ല വികസനത്തിനാണ് പ്രാധാന്യം നൽകേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര നിലപാട് പ്രതിഷേധാർഹമാണ്. അതിനെതിരായിക്കൂടിയായിരിക്കും ഉപതെരഞ്ഞെടുപ്പിലെ ജനവിധി. കേന്ദ്ര അവഗണനക്കെതിരായി യോജിച്ച് പോരാടാനാവില്ല എന്ന യുഡിഎഫ് നിലപാടും ചർച്ചയാവുന്നുണ്ട് എന്നും രാജേന്ദ്രൻ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തെരഞ്ഞെടുപ്പിൽ വികസനത്തേക്കാൾ വിവാദങ്ങൾക്ക് പ്രാധാന്യം ലഭിക്കുന്നത് ശരിയല്ല. മുനമ്പം വിഷയം ധ്രുവീകരണത്തിന് ഉപയോഗിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള ശ്രമം നടക്കില്ല. ഏതു വിധത്തിലുള്ള കുടിയൊഴിപ്പിക്കലിനും എതിരാണ് എൽഡിഎഫ്. തെരഞ്ഞെടുപ്പിൽ ഡോ. സരിൻ മികച്ച രീതിയിൽ വിജയിക്കുമെന്നും കെ പി രാജേന്ദ്രൻ പറഞ്ഞു.