കോഴിക്കോട്: താമരശ്ശേരി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്നും മൊബൈൽ ഷോപ്പ് ഉടമയായ ഹർഷാദിനെ തട്ടിക്കൊണ്ട് പോയതിന് പിന്നിൽ പത്തംഗസംഘം എന്ന് പൊലീസ്. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്‌റ്റഡിയിലെടുത്തു. ഒരു ഇന്നോവ കാറിലും മറ്റൊരു കാറിലും മിനിലോറിയിലും എത്തിയ സംഘമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിൽ എന്നാണ് ഹർഷാദിന്‍റെ മൊഴി.
ഹർഷാദ് സഞ്ചരിച്ച കാറിന് മുന്നിൽ മിനി ലോറി കുറുകെയിട്ടാണ് പിടിച്ചിറക്കിയത്. തുടർന്ന് ഹർഷാദിനെ വൈത്തിരിയിലെ ഒരു റിസോർട്ടിലേക്ക് മാറ്റി. തട്ടിക്കൊണ്ട് പോയ സംഘം പിടിയിലാകുമെന്ന് സൂചന ലഭിച്ചതോടെ ഇവർ വൈത്തിരി ടൗണിൽ ഇറക്കി വിടുകയായിരുന്നു.
തുടർന്ന് കെഎസ്ആർടിസി ബസിൽ കയറി ഹർഷാദ് അടിവാരത്തെത്തി. അടിവാരത്ത് കാത്ത് നിന്നിരുന്ന പൊലീസ് ഹർഷാദിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. തുടർന്ന് പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച് മൊഴിയെടുത്തു.
ഇന്നലെ രാത്രി ഒൻപത് മണിക്കാണ് ഹർഷാദിനെ വൈത്തിരി ടൗണിൽ ഇറക്കിവിട്ടത്. അവിടെനിന്നും ഒരു കടയിലെ ഫോണിൽ നിന്ന് പിതാവിനെ വിളിച്ചു. വൈത്തിരിയിൽ ഇറക്കി വിട്ടെന്ന് മനസിലാക്കിയ വീട്ടുകാർ താമരശ്ശേരി പൊലീസിൽ വിവരമറിയിച്ചു.
ഹർഷാദിനെ തട്ടിക്കൊണ്ടുപോയ പരാതിയിൽ ഇന്നലെ (ജൂലൈ 15) വൈകിട്ടോടെ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.
താമരശ്ശേരി ഡിവൈഎസ്‌പി പ്രമോദിൻ്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിക്കുന്ന ഘട്ടത്തിലാണ് തട്ടിക്കൊണ്ട് പോയവർ ഹർഷാദിനെ ഉപേക്ഷിച്ചത്. താമരശ്ശേരി, കാക്കൂർ, കൊടുവള്ളി, മുക്കം എന്നീ സ്‌റ്റേഷനുകളിലെ ഐപിമാരും പതിനൊന്ന് പൊലീസുകാരും അന്വേഷണ സംഘത്തിൽ ഉണ്ട്.
തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുവാവിന്‍റെ കുടുംബം നേരത്തെ പൊലീസിനെതിരെ പരാതിയുമായി രംഗത്ത് വന്നിരുന്നു. കുടുംബം ആരോപണം ഉയർന്നതിന് പിന്നാലെയാണ് പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് മൂഴിക്കൽ സ്വദേശി ഹർഷാദിനെ തട്ടിക്കൊണ്ടുപോയത്. രണ്ട് ദിവസം കഴിഞ്ഞിട്ടും പരാതിയിൽ നടപടിയെടുത്തില്ലെന്നാണ് നേരത്തെ കുടുംബം ആരോപിച്ചിരുന്നത്.
തട്ടിക്കൊണ്ടുപോയ സംഘം 10 ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. സാമ്പത്തിക ഇടപാടിനെ തുടർന്നാണ് ഹർഷാദിനെ തട്ടിക്കൊണ്ടുപോയത്. ഇയാളുടെ കാർ പൊലീസ് കസ്‌റ്റഡിയിലുള്ള ഒരു പ്രതിയുടെ വീടിന് സമീപത്ത് നിന്നും ഞായറാഴ്‌ച കണ്ടെത്തിയിരുന്നു. കാറിൻ്റെ മുൻ ഗ്ലാസ് തകർത്ത നിലയിലായിരുന്നു.