കോഴിക്കോട്: ശക്തമായ മഴയ്‌ക്ക് ഇന്നലെ രാത്രി അൽപം ശമനം ഉണ്ടായിരുന്നെങ്കിലും ഇന്ന് രാവിലെ മുതൽ വീണ്ടും മഴ പെയ്‌ത് തുടങ്ങിയിട്ടുണ്ട്. ചെറുപുഴയിലും ചാലിയാറിലും ഇന്നലെ രാത്രി വെള്ള അൽപം ഇറങ്ങിയിരുന്നു. എന്നാൽ രാവിലെ വീണ്ടും വെള്ളം കയറാൻ തുടങ്ങി. റോഡുകളെല്ലാം ഇപ്പോഴും വെള്ളത്തിനടിയിൽ തന്നെയാണ്.
മാവൂർ കച്ചേരി കുന്നിൽ ആറ് വീടുകളും ആയംകുളം ഭാഗത്ത് രണ്ട് വീടുകളും ഇന്നും വെള്ളം കേറിയ നിലയിൽ തന്നെയാണ്. ഈ വീട്ടുകാർക്കൊന്നും ഇതുവരെ അവരുടെ വീടുകളിലേക്ക് തിരിച്ചെത്താൻ ആയിട്ടില്ല. അതേസമയം മാവൂർ കുറ്റികടവ് ഭാഗത്ത് നിരവധി വീടുകളാണ് ഏതുനിമിഷവും വെള്ളം കയറാവുന്ന സ്ഥിതിയിൽ ഉള്ളത്.
കൂടാതെ പെരുവയൽ പഞ്ചായത്തിലെ കുറ്റിക്കാട്ടൂർ മുണ്ടുപാലം ഭാഗങ്ങളിൽ മാമ്പുഴ നിറഞ്ഞ് കവിഞ്ഞതോടെ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇവിടെയും നിരവധി വീടുകളിൽ വെള്ളം കയറി. കനത്ത മഴയിൽ വൻ മരങ്ങൾ കടപുഴകി വീണ് വ്യാപകമായി വൈദ്യുതി ബന്ധം താറുമാറായി. നിരവധി വൈദ്യുതി പോസ്റ്റുകളും തകർന്നുവീണിട്ടുണ്ട്.
ALSO READ: മിന്നല്‍ പ്രളയത്തിനും മലവെള്ളപ്പാച്ചിലിനും സാധ്യത; കേരളത്തില്‍ കാലവർഷം രൂക്ഷം