കോഴിക്കോട്: ചാത്തമംഗലം എൻഐടി ക്യാമ്പസിൽ സമരം ചെയ്‌ത വിദ്യാർഥികൾക്കെതിരെ വൻ തുക പിഴയിട്ടത് എൻഐടി യിലെ സെനറ്റിൻ്റെ തീരുമാനത്തിന് വിരുദ്ധമായെന്ന സൂചന പുറത്തുവന്നു. സമരത്തിന് ശേഷം നടന്ന യോഗത്തിൽ ഇക്കാര്യം ചർച്ചയായെങ്കിലും വിദ്യാർഥികൾക്ക് എതിരെ അച്ചടക്ക നടപടി വേണ്ടെന്ന നിലപാടിൽ ആയിരുന്നു ഭൂരിഭാഗം അധ്യാപകരും.
അതിന് കടകവിരുദ്ധമാണ് ഓരോ വിദ്യാർഥികൾക്കും ഇപ്പോൾ ആറ് ലക്ഷത്തിലേറെ രൂപ പിഴ ചുമത്തി കൊണ്ടുള്ള രജിസ്ട്രാറുടെ ഉത്തരവ് . അഞ്ച് വിദ്യാർഥികൾക്കാണ് ഇത്രയും വലിയ തുക പിഴ ഇട്ടത്. ആകെ പിഴ തുക 33 ലക്ഷത്തോളം വരും. വിദ്യാർഥികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ അക്കാദമി വിഭാഗത്തിൻ്റെ മേൽനോട്ടത്തിലാണ് നേരത്തെ ചർച്ച ചെയ്‌തിരുന്നതെങ്കിൽ ഇപ്പോൾ അഡ്‌മിനിസ്ട്രേഷൻ വിഭാഗം നേരിട്ട് ഇടപെടുന്നു എന്നാണ് വിദ്യാർഥികളുടെ ആരോപണം.
കഴിഞ്ഞ മാർച്ച് 22 നാണ് എൻഐടിയുടെ കവാടത്തിനു മുൻപിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ രാത്രികാല നിരോധനത്തിനെതിരെ സമരം ചെയ്‌തത്. ഈ സമരത്തിൻ്റെ ഭാഗമായി വലിയ നഷ്‌ടം സംഭവിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് എൻഐടി മാനേജ്മെൻ്റ് വിദ്യാർഥികളിൽ നിന്ന് പിഴ ഈടാക്കാൻ നോട്ടീസ് നൽകിയത്. ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്.
Also Read: തദ്ദേശ വാർഡ് വിഭജനത്തിന് നടപടികൾ തുടങ്ങി; ഡീലിമിറ്റേഷൻ കമ്മീഷനെ നിയോഗിച്ച് വിജ്ഞാപനം പുറത്തിറക്കി