കോഴിക്കോട് : ചാത്തമംഗലം എൻഐടിക്ക് മുന്നിലൂടെ കടന്നുപോകുന്ന സംസ്ഥാനപാതയില്‍ അവകാശവാദം ഉന്നയിച്ച് എൻഐടി മാനേജ്മെന്‍റ് സ്ഥാപിച്ച ബോർഡുകൾ പിഡബ്ല്യുഡി നീക്കം ചെയ്‌തു. രാത്രി 9 മണിയോടെയാണ് പിഡബ്ല്യുഡി വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ബോർഡുകൾ നീക്കിയത്.
ചാത്തമംഗലം പന്ത്രണ്ടാം മൈൽ മുതൽ കാട്ടാങ്ങൽ വരെയുള്ള റോഡ് എൻഐടിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് എന്നാണ് ബോർഡിൽ എഴുതിയിരുന്നത്. ഇതിനെതിരെ ഗ്രാമപഞ്ചായത്ത് ഭരണസമിതി കഴിഞ്ഞദിവസം എൻഐടി മാനേജ്മെന്‍റിന് നിവേദനം സമർപ്പിച്ചിരുന്നു. എന്നാൽ ബോർഡ് നീക്കം ചെയ്യാൻ എൻഐടി മാനേജ്മെന്‍റ് തയ്യാറായില്ല.
തുടര്‍ന്ന് ചാത്തമംഗലം പഞ്ചായത്ത് എൻഐടി വച്ച ബോർഡിനെ കുറിച്ച് പിഡബ്ല്യുഡി വിഭാഗത്തിന് പരാതി നൽകിയി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പിഡബ്ല്യുഡി വിഭാഗം ബോർഡുകൾ നീക്കം ചെയ്‌തത്. പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എൻജിനിയർ റീന, അസിസ്‌റ്റന്‍റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ശ്രീജയൻ എന്നിവരുടെ നേതൃത്വത്തിലാണ് ബോർഡ് നീക്കം ചെയ്‌തത്. കൂടാതെ, സമരസമിതി അംഗങ്ങളും ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു.
Also Read: കുവൈറ്റിലെ തീപിടിത്തം: മരിച്ചവരില്‍ 21 മലയാളികളെന്ന് കുവൈറ്റി മാധ്യമങ്ങള്‍