ഷിരൂർ: കഴിഞ്ഞ 72 ദിവസങ്ങളായി മലയാളികളുടെ പ്രാര്‍ഥനയില്‍ മുഴങ്ങി കേട്ട പേരാണ് അര്‍ജുന്‍. നാളേറെയായുള്ള കാത്തിരിപ്പിനും പ്രതീക്ഷയ്‌ക്കും വേദനയോടെയാണെങ്കിലും വിരാമമായി. ഇന്നലെയാണ് (സെപ്റ്റംബർ 25) ഗംഗാവലിയുടെ അടിത്തട്ടില്‍ നിന്നും അര്‍ജുന്‍റെ മൃതദേഹം കണ്ടെത്തിയത്. ജൂലൈ 16 ന് 8:30 ഓടെയാണ് കർണാടകയിലെ കാര്‍വാര്‍ അങ്കോളയ്‌ക്ക് സമീപം ഷിരൂരിൽ വലിയ മണ്ണിടിച്ചിലുണ്ടാവുന്നത്. മണ്ണിടിച്ചിലിൽ കാണാതായവരിൽ മലയാളിയായ അർജുനുമുണ്ടെന്ന വാർത്ത കേട്ട് കേരളക്കര ഞെട്ടി. ദുരന്തത്തിൽ 12 പേര്‍ക്ക് ജീവൻ നഷ്‌ടപ്പെട്ടു. പിന്നീട് അർജുൻ, ലോകേഷ്, ജഗന്നാഥ് എന്നിവരെ കണ്ടെത്താനുള്ള കഠിന പ്രയത്‌നത്തിന്‍റെ നാളുകളായിരുന്നു. ഗോവയിൽ നിന്ന് എത്തിച്ച ഡ്രെഡ്‌ജര്‍ ഉപയോഗിച്ചുള്ള മൂന്നാംഘട്ട പരിശോധനയുടെ ആറാം ദിവസമാണ് അര്‍ജുന്‍ എവിടെയെന്ന ചോദ്യത്തിന് ഉത്തരമായത്.
പ്രാർത്ഥനയുടെ 72 ദിവസങ്ങൾ
ഒറ്റ നിമിഷത്തെ പ്രകൃതിയുടെ കലിതുള്ളലിൽ ഇല്ലാതായത് ഒരു കുടുംബത്തിന്‍റെ അത്താണിയാണ്. നാടിനെ നടുക്കിയ മണ്ണിടിച്ചിലിൽ അര്‍ജുന്‍ അടക്കം 13 പേരാണ് അപകടത്തില്‍ ഓര്‍മയായത്. അര്‍ജുനെ കണ്ടെത്തിയെങ്കിലും ഇപ്പോഴും ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ് ലോകേഷും ജഗന്നാഥും. രക്ഷാ ദൗത്യത്തിനായി മന്ത്രിമാരടക്കം ഷിരൂരിലെത്തിയുരുന്നു. കന്നഡികരും മലയാളികളും ദൗത്യത്തിനായി കൈകോർത്തു. ഗംഗാവലി പുഴയിലെ അതിശക്തമായ അടിയൊഴുക്ക് രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളി ഉയർത്തിപ്പോഴും കാണാതായവരെ കണ്ടെത്താൻ മുങ്ങൽ വിദഗ്‌ധന്‍ ഈശ്വർ മൽപെ അടക്കം ഷിരൂരിലെത്തി.
എങ്കിലും നിരാശ മാത്രമായിരുന്നു ഫലം. അർജുന് വേണ്ടി പ്രാർഥനയോടെ കാത്തിരുന്ന കേരളത്തെ തേടിയെത്തിയത് മറ്റൊരു ദുരന്ത വാർത്തകൂടിയായിരുന്നു. ജൂലൈ 30 ന് രാത്രി വയനാട് ജില്ലയിലെ മേപ്പാടിയിലെ ചൂരൽമലയിലും, മുണ്ടക്കൈയിലും വലിയ ഉരുൾപ്പെട്ടൽ ദുരന്തം വന്നുപതിച്ചു. നിരവധി പേരുടെ ജീവൻ, കലിതുള്ളിയെത്തിയ പ്രകൃതി കവർന്നെടുത്തു. ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ രക്ഷാസംഘവും വയനാട്ടിലെത്തി. ഈ സമയം ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായവർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം മന്ദഗതിയിലായി.
അർജുനെ കണ്ടെത്തണമെന്ന ആവശ്യവുമായി കുടുംബം പല വാതിലുകൾ മുട്ടി. നിരവധി ആളുകളെ കണ്ട് സഹായം അഭ്യർഥിച്ചു. പ്രതിസന്ധികൾക്കൊടുവിൽ ഗോവയിൽ നിന്ന് ഡ്രെഡ്‌ജര്‍ എത്തിച്ച് അർജുനുൾപ്പെടെയുള്ള മൂന്ന് പേർക്കായി സെപ്‌റ്റംബർ 20 ന് വീണ്ടും തെരച്ചിൽ ആരംഭിച്ചു. സെപ്‌റ്റംബർ 21 ന് ഈശ്വർ മൽപെ നടത്തിയ തെരച്ചിലിൽ ഗംഗാവലിപുഴയിൽ കോൺടാക്‌ട് പോയിന്‍റ് നാലിന് സമീപത്ത് നിന്ന് തടി കഷ്‌ണവും ടയറും കണ്ടെത്തി. പിന്നീട് കാണാതായവരുമായി ബന്ധപ്പെട്ട പല സൂചനകളും ഡ്രെഡ്‌ജർ ഉപയോഗിച്ചുള്ള തെരച്ചിലിൽ ലഭിച്ചു.
സെപ്‌റ്റംബർ 22 ന് വൈകുന്നേരം ഡ്രെഡ്‌ജർ ഉപയോഗിച്ച് നടത്തിയ തെരച്ചിലിൽ പുഴയിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. ദൗത്യം ഏകോപിപ്പിക്കാനായി റിട്ട. മേജർ ജനറൽ ഡോ. ഇന്ദ്ര ബാലന്‍ സെപ്‌റ്റംബർ 23 ന് ഷിരൂരിൽ നേരിട്ടെത്തി. തെരച്ചിലിനായി അന്ന് രാവിലെ 11 മണിയോടെ നാവികസേനയും ഷിരൂരിലെത്തി. ഡ്രെഡ്‌ജറിന് പുറമെ നേവി, എസ്‌ഡിആർഎഫ്, എൻഡിആർഎഫ്, ഈശ്വർ മൽപെ എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിൽ തുടർന്നു. തെരച്ചിലില്‍ അര്‍ജുന്‍റെ ലോറിയുടെ ലൈറ്റ് റിഫ്ലക്‌ടര്‍, കയർ എന്നിവ കണ്ടെത്തി.
സെപ്‌റ്റംബർ 24 ന് ഉത്തര കന്നഡയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപനം വന്ന സാഹചര്യത്തിലും തെരച്ചില്‍ തുടരുകയായിരുന്നു. മഴയുടെ ശക്തി വര്‍ധിച്ചാല്‍ ഡ്രഡ്‌ജിങ് താത്‌കാലികമായി നിര്‍ത്തിവയ്‌ക്കാൻ തീരുമാനമായി. മൂന്നാം ഘട്ട തെരച്ചിലിന്‍റെ നാലാം ദിവസമായ സെപ്റ്റംബർ 25 ന് നേവി അടയാളപ്പെടുത്തിയ സിപി 2 പോയന്‍റിൽ നിന്ന് ഒരു ഷർട്ടിന്‍റെ കഷ്‌ണവും തിരിച്ചറിയൽ രേഖയും കണ്ടെത്തി. പിന്നീട് 12 മീറ്റർ ആഴത്തിൽ നിന്ന് അർജുന്‍റെ ലോറിയുടെ ക്യാബിനും കണ്ടെത്തി. കണ്ടെത്തിയ ലോറിയുടെ അകത്ത് നിന്ന് അർജുന്‍റെ മൃതദേഹം ലഭിച്ചു.
ഒരു നാടിന്‍റെ മുഴുവൻ പ്രാർഥന കൂടെ ഉണ്ടായിട്ടും അർജുൻ യാത്രയായി, ദുരന്തമുഖത്ത് ഇനി ചോദ്യചിഹ്നമായുള്ളത് ലോകേഷും, ജഗന്നാഥുമാണ്. ഇവർക്കായുള്ള തെരച്ചിൽ വീണ്ടും തുടരും.