കോഴിക്കോട്: മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിനു മുൻപിൽ സമരം നടത്തുന്ന സീനിയർ നഴ്‌സിങ് ഓഫീസർ പി ബി അനിതയുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിന്‍റെ ഭാഗത്തുനിന്ന് കുറ്റകരമായ അനാസ്ഥയാണ് ഉണ്ടായതെന്ന് എൻഡിഎ സ്ഥാനാർഥി എം ടി രമേശ്. അതിജീവിതക്കൊപ്പം നിന്ന് സത്യം പുറത്തു കൊണ്ടുവരാൻ സിസ്‌റ്റർ അനിത നടത്തിയ പരിശ്രമം എല്ലാവരാലും സ്ലാഘിക്കപ്പെടേണ്ട ഒന്നായിരുന്നു എന്നും എം ടി രമേശ് വ്യക്തമാക്കി. സിസ്‌റ്റർ അനിതയെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാറും ആരോഗ്യവകുപ്പും അവരെ അനുമോദിക്കുക എന്നതാണ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ അതിനുപകരം വേട്ടക്കാർക്കൊപ്പം നിൽക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്നും എം ടി രമേശ് പറഞ്ഞു. കേസിന്‍റെ തുടക്കം മുതൽ തന്നെ സർക്കാർ ഇരക്കൊപ്പം നിൽക്കുന്നതിനു പകരം വേട്ടക്കാർക്ക് ഒപ്പമാണ് നിന്നത്. എന്നാൽ സിസ്‌റ്റർ അനിത കാണിച്ച ധൈര്യം കാരണമാണ് കേസ് ഇതുവരെ നിലനിന്നു പോയതെന്നും, കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാവാൻ കാരണമായതെന്നും എം ടി രമേശ് ചൂണ്ടികാട്ടി.
അതിനുള്ള പ്രതികാര ബുദ്ധിയാണ് സർക്കാരിൻ്റെ ഇന്നത്തെ നടപടികൾ. കോടതി വിധിയെ ചോദ്യം ചെയ്യുന്ന നടപടികളാണ് സർക്കാറിന്‍റെ ഭാഗത്തുനിന്നും ഇപ്പോൾ ഉണ്ടാവുന്നത്. കോടതിക്കും മുകളിലാണ് ഇന്ന് സംസ്ഥാനം ഭരിക്കുന്ന സർക്കാർ എന്നാണ് അവർ കരുതുന്നത്. സിസ്‌റ്റർ അനിതയെ ജോലിയിൽ പ്രവേശിക്കാനാവശ്യമായ നടപടി അടിയന്തരമായി സർക്കാർ സ്വീകരിക്കണം. അല്ലാത്തപക്ഷം സിസ്‌റ്റർ അനിതക്കൊപ്പം ചേർന്ന് ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും എം ടി രമേശ് മുന്നറിയിപ്പ് നൽകി.
ഐസിയു പീഡന കേസിൽ അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നൽകിയ നഴ്‌സിങ് ഓഫിസറാണ് പി ബി അനിത. കോടതി ഉത്തരവ് ഉണ്ടായിട്ടും ജോലിയിൽ പ്രവേശിപ്പിക്കാൻ കോളജ് അധികൃതർ തയ്യാറാകത്തതിൽ പ്രതിഷേധിച്ചാണ് അനിതയുടെ സമരം.
കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയുവിൽ 2023 മാർച്ച് 18 ന് ശസ്ത്രക്രിയ കഴിഞ്ഞ് അർധബോധാവസ്ഥയില്‍ ഇരിക്കെയാണ് ജീവനക്കാരൻ യുവതിയെ പീഡിപ്പിച്ചത്. പരാതി നൽകിയ യുവതിയെ മൊഴി മാറ്റിക്കാൻ 6 വനിതാ ജീവനക്കാർ ഭീഷണിപ്പെടുത്തിയ സംഭവം അനിത അധികൃതർക്ക് റിപ്പോർട്ട് ചെയ്‌തു. തുടർന്ന് 6 വനിത ജീവനക്കാരെയും സസ്പെൻഡ് ചെയ്‌തു. പ്രത്യേക അന്വേഷണ സമിതിക്കും പൊലീസിനും മുൻപിൽ ഭീഷണി സ്ഥിരീകരിച്ച് മൊഴി നൽകിയ അനിതയെയും ചീഫ് നഴ്‌സിങ് ഓഫിസർ, നഴ്‌സിങ് സൂപ്രണ്ട് എന്നിവരെയും സ്ഥലം മാറ്റി.
അനിത ഒഴികെയുള്ളവർക്ക് അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് സ്‌റ്റേ ലഭിക്കുകയും അവർ തിരികെ ജോലിയിൽ കയറുകയും ചെയ്‌തു. എന്നാല്‍ അനിതയ്ക്കു നിയമനം നൽകാൻ കോഴിക്കോട്ട് ഒഴിവില്ല എന്നായിരുന്നു സർക്കാർ വാദം. മറ്റൊരാൾക്ക് അതിനോടകം കോഴിക്കോട്ട് നിയമനം നൽകി. തുടർന്നാണ് അനിത ഹൈക്കോടതിയെ സമീപിച്ചത്.
അനിതയെ കുറ്റവിമുക്തയാക്കിയ കോടതി, സർവീസ് റെക്കോർഡിൽ ഇക്കാര്യങ്ങൾ രേഖപ്പെടുത്തരുതെന്നും നിർദേശിച്ചു. 5 ജീവനക്കാരുടെ പേരെഴുതി നൽകിയതിന് യൂണിയൻ നേതാവ് അനിതയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതെക്കുറിച്ചും അനിത പ്രിൻസിപ്പലിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.