കോഴിക്കോട് : തിരുവമ്പാടി പഞ്ചായത്തില്‍ വന്യമൃഗ ഭീഷണി. മലയോര ഗ്രാമമായ ആനക്കാംപൊയിൽ കണ്ടപ്പൻ ചാലിൽ പകൽ സമയത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍. വ്യാഴാഴ്ച (29-02-2024) വൈകിട്ട് നാലുമണിയോടെയാണ് പ്രദേശവാസികൾ പുലിയെ കണ്ടത്. കണ്ടപ്പൻ ചാലിൽ നടുക്കണ്ടത്ത് ഭാഗത്തെ ജനവാസ മേഖലയിലാണ് പുലി എത്തിയത്. പുലിയെ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ വനപാലകരെ വിവരമറിയിച്ചു (Anakkampoyil Kozhikode).
വനപാലകരെത്തി പുലിയെ കണ്ടെത്തിയ സ്ഥലത്ത് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുലിയെ പിടിക്കാൻ കഴിഞ്ഞ ദിവസം ഇവിടെ കൂട് സ്ഥാപിച്ചിരുന്നു. ഈ കൂടിനടുത്താണ് പുലി എത്തിയത്. പകൽ പുലിയെ കണ്ടതോടെ ഏറെ ഭീതിയിലാണ് ജനവാസ കേന്ദ്രമായ കണ്ടപ്പൻ ചാലിലെ നാട്ടുകാർ.
കഴിഞ്ഞ വ്യാഴം, ശനി ദിവസങ്ങളിൽ രാത്രിയിൽ പുലിയെ കണ്ട ചെറുകിട ജലവൈദ്യുത പദ്ധതി കെട്ടിടത്തിലെ സിസിടിവി കാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. പുലിയും രണ്ടു കുഞ്ഞുങ്ങളും നടന്നു പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ കണ്ടത് (leopard found at Kandappan Chal in Anakkampoyil kozhikode).
പുലിയുടെ സാന്നിധ്യം സ്ഥിരമായി കാണാൻ തുടങ്ങിയതോടെ രാത്രിയും പകലും പ്രദേശവാസികൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് ഇവിടെ. കൂടാതെ പഞ്ചായത്തും വനം വകുപ്പും സുരക്ഷ മുന്‍കരുതലുകളുടെ ഭാഗമായി നാട്ടുകാർക്ക് ജാഗ്രത നിര്‍ദേശവും നൽകിയിട്ടുണ്ട്.