കോഴിക്കോട്: കൊലപാതക കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോഴിക്കോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെക്ഷൻ കോടതി. പത്തനംതിട്ട മാടത്താഴയിൽ വീട്ടിൽ ഷാനവാസ് ( 37 ) എന്ന മട്ടാഞ്ചേരി ഷാനുവിനാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. കോഴിക്കോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെക്ഷൻ കോടതി ജഡ്‌ജി മോഹന്‍റേതാണ് ശിക്ഷാ വിധി. ജീവപര്യന്തത്തിന് പുറമെ 50000 രൂപ പിഴയും വിധിച്ചു (Murder case)
2022 ഫെബ്രുവരിയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. റെയിൽവെ സ്റ്റേഷൻ ലിങ്ക് റോഡിലെ ഫുട്‌പാത്തിൽ വച്ച് പ്രതി ഷാനവാസ് പാറോപ്പടി സ്വദേശി ഫൈസലിനെ കത്തി ഉപയോഗിച്ച് കുത്തികൊല്ലുകയായിരുന്നു എന്നതാണ് കേസ്.
കൊലപാതകത്തിന് ഒരാഴ്‌ച മുമ്പ് കോഴിക്കോട് മാവൂരിൽ വച്ച് പ്രതിയായ ഷാനവാസും ഫൈസലും തമ്മിൽ വാക് തർക്കവും കയ്യാങ്കളിയും നടന്നിരുന്നു. ഇതിന്‍റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍ (Kozhikode Additional District and Section Court).
ടൗൺ സ്റ്റേഷൻ ഇൻസ്പെക്‌ട റായിരുന്ന അനിതകുമാരിയാണ് ആദ്യം കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തത്. പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്‌തു. തുടർന്ന് അന്വേഷണം നടത്തിയ ടൗൺ എസ്ഐ അനൂപ് കേസിലെ ശാസ്ത്രീയമായ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ച് കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് ഷംസുദ്ദീൻ, അഡ്വക്കേറ്റ് രശ്‌മി റാം എന്നിവർ ഹാജരായി.