കോഴിക്കോട്: ജില്ലയിലെ മാവോയിസ്‌റ്റ് ഭീഷണിയുള്ളതും പ്രശ്‌ന ബാധിതമായി കണ്ടെത്തിയതുമായ പോളിങ് ബൂത്തുകള്‍ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കലക്‌ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് സന്ദര്‍ശിച്ചു. നാദാപുരം, വടകര നിയമസഭ മണ്ഡലങ്ങളുടെ പരിധിയില്‍പെട്ട ഏതാനും പോളിങ് സ്‌റ്റേഷനുകളിലെ ബൂത്തുകളാണ് ജില്ല കലക്‌ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ച് സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തിയത്. ജില്ലയിലെ വോട്ടെടുപ്പ് സമാധാനപരവും നീതി പൂര്‍വ്വവുമാക്കുന്നതിന് കര്‍ശന സുരക്ഷ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് കലക്‌ടര്‍ അറിയിച്ചു.
പ്രശ്‌ന ബാധിത ബൂത്തുകളില്‍ പൊലീസും കേന്ദ്ര സേനയും ഉള്‍പ്പെട്ട പ്രത്യേക സംഘമായിരിക്കും സുരക്ഷ ഉറപ്പ് വരുത്തുക. പ്രദേശങ്ങളില്‍ ശക്തമായ പൊലീസ് പെട്രോളിങ്ങും ഏര്‍പ്പെടുത്തും.
ജില്ലയില്‍ ആകെ 141 ബൂത്തുകളാണ് പ്രശ്‌ന ബാധിത ബൂത്തുകളായി കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 120 എണ്ണം വടകര ലോക്‌സഭ മണ്ഡലത്തിലും 21 എണ്ണം കോഴിക്കോട് മണ്ഡലത്തിലുമാണ്. ഇതിന് പുറമെ, വടകര മണ്ഡലത്തിലെ 43 ബൂത്തുകള്‍ മാവോവാദി ഭീഷണി നേരിടുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ജില്ലാ കളക്‌ടര്‍ക്കൊപ്പം വടകര തഹസില്‍ദാര്‍ എം.പി. സുഭാഷ് ചന്ദ്രബോസ്, നാദാപുരം അസി. റിട്ടേണിങ് ഓഫീസര്‍, വടകര ഡിവൈഎസ്‌പി എന്നിവരും ഉണ്ടായിരുന്നു.
Also Read : ആലപ്പുഴ മണ്ഡലത്തില്‍ വോട്ടിങ് മെഷീനുകളുടെ വിതരണം പൂർത്തിയായി - VOTING MACHINE ISSUED ALAPPUZHA