കോഴിക്കോട്: പെരുവട്ടൂരിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിൽ അഭിലാഷ് മാത്രമാണ് പ്രതിയെന്ന് പൊലീസ് (Koyilandy CPM Leader Murder). രാഷ്ട്രീയ വിഷയത്തിൽ നിന്ന് ഉടലെടുത്ത വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. പല വിഷയങ്ങളും പറഞ്ഞ് പരത്തി തന്നെ ഒതുക്കാൻ ശ്രമിച്ചു എന്നാണ് അഭിലാഷ് പൊലീസിനോട് പറഞ്ഞത് (Koyilandy Murder Case Accused).
പാർട്ടിക്ക് നിരക്കാത്ത പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ച് അഭിലാഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇത് സ്ഥലം എംഎൽഎ കാനത്തിൽ ജമീല തന്നെ വ്യക്തമാക്കി. എടച്ചേരി സ്റ്റേഷനിൽ എത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്.
സത്യനാഥനെ കൊല്ലുമെന്ന് അയൽവാസിയായ അഭിലാഷ് ഭീഷണി മുഴക്കിയതായി ചില നാട്ടുകാരും പറഞ്ഞു. അതേസമയം, കൊല്ലപ്പെട്ട സത്യനാഥൻ ജനോപകാരി ആയിരുന്നെന്നും നാട്ടുകാർ വ്യക്തമാക്കി. സത്യനാഥന്‍റെ ഇൻക്വസ്റ്റ് നടപടികൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ആരംഭിച്ചു.
പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം മൂന്ന് മണിയോടെ കൊയിലാണ്ടി ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. എട്ട് മണിക്ക് വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. അതിനിടെ ആക്രമിക്കാൻ ഉപയോഗിച്ച മൂർച്ചയേറിയ ആയുധം കണ്ടെത്താനുള്ള ശ്രമവും പൊലീസ് ആരംഭിച്ചു.
കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരസഭയിലും ചെങ്ങോട്ട്കാവ്, ചേമഞ്ചേരി, അരിക്കുളം, കീഴരിയൂർ പഞ്ചായത്തുകളിലും സിപിഎം ഹർത്താലാണ്. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. വാഹന ഗതാഗത്തെ ഹർത്താൽ ബാധിച്ചിട്ടില്ല. ഇന്നലെ രാത്രി പത്ത് മണിക്കാണ് കൊലപാതകം നടന്നത്. മുത്താമ്പി ചെറിയപ്പുറം പരദേവത ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടെയാണ് സംഭവം.
Also read: കൊയിലാണ്ടിയിൽ സിപിഎം നേതാവ് വേട്ടേറ്റ് മരിച്ചു; പ്രതി കീഴടങ്ങി