കോട്ടയം: കോട്ടയം വാകത്താനത്ത് കോൺക്രീറ്റ് മിക്‌സിങ് യന്ത്രത്തിനുള്ളിലിട്ട് യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി തമിഴ്‌നാട് സ്വദേശി പാണ്ടി ദുരൈയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. അസം സ്വദേശി ലേമാൻ കിസ്‌ക് (19) ആണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ കോൺക്രീറ്റ് പ്ലാൻ്റിലും, പ്രതി താമസിച്ചിരുന്ന വീട്ടിലുമാണ് തെളിവെടുപ്പ് നടത്തിയത്. മൊബൈൽ ഫോൺ ഉപേക്ഷിച്ച പുതുപ്പള്ളി കൊട്ടരത്തിക്കൽ കടവിലും പ്രതിയെ എത്തിച്ചു.
കഴിഞ്ഞ ഏപ്രിൽ 26നായിരുന്നു കൊലപാതകം. പ്ലാന്‍റ് ഓപ്പറേറ്ററായ പാണ്ടി ദുരൈ കോൺക്രീറ്റ് മിക്‌സർ വൃത്തിയാക്കാനിറങ്ങിയ യുവാവിനെ മെഷീൻ പ്രവർത്തിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം വേസ്റ്റ് കുഴിക്കുള്ളിൽ താഴ്ത്തി. മുകളിൽ കോൺക്രീറ്റ് മാലിന്യം തള്ളി മൃതദേഹം ഒളിപ്പിക്കാനും പ്രതി ശ്രമിച്ചു.
വാകത്താനം പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. പ്രഥമ ദൃഷ്‌ടിയില്‍ അസ്വഭാവിക മരണത്തിന് കേസ് രജിസ്‌റ്റർ ചെയ്യുകയും, തുടര്‍ന്ന് ജില്ല പൊലീസ് മേധാവി കെ കാർത്തിക്കിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയുമായിരുന്നു.
Also Read: യുവാവിനെ കോൺക്രീറ്റ് മിക്‌സറിലിട്ട് കൊന്ന സംഭവം; കേസ് തെളിഞ്ഞത് ശാസ്ത്രീയ അന്വേഷണത്തിലൂടെ