കോഴിക്കോട്: കൊല്‍ക്കത്തയിലെ ആർ.ജി കർ മെഡിക്കല്‍ കോളജിലെ വനിത ഡോക്‌ടറെ ബലാത്സംഗം ചെയ്‌തു കൊന്ന സംഭവത്തിൽ കോഴിക്കോടും ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ ദേശീയ വ്യാപകമായി നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് കോഴിക്കോട് മെഡിക്കൽ കോളജ്, കോഴിക്കോട് ബീച്ച് ആശുപത്രി എന്നിവിടങ്ങളിൽ ഐക്യദാർഢ്യ സമരം നടന്നത്.
ആക്രമണങ്ങള്‍ക്ക് എതിരെ കേന്ദ്ര നിയമം നടപ്പാക്കുക, കേസിലെ പ്രതികളെ നിയത്തിന്‍റെ മുന്നില്‍ കൊണ്ട് വരുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പിജി ഡോക്‌ടർമാരും, മറ്റ് ഡോക്‌ടർമാരും ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങളും കരിദിനവും ആചരിച്ചത്.
ആയിരത്തോളം പേരാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ പ്രതിഷേധത്തിൽ അണിനിരന്നത്. ബീച്ച് ആശുപത്രിയിലും മുന്നൂറോളം പേർ പ്രതിഷേധത്തിൽ പങ്കെടുത്തു. രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച സമരം പതിനൊന്ന് മണി വരെ നീണ്ടുനിന്നു.
ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്‌കരിച്ചുകൊണ്ട് നടന്ന സമരത്തെ തുടർന്ന് ചികിത്സക്ക് എത്തിയ രോഗികളും വലഞ്ഞു. അക്രമികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരിക കർശന നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ കോളജിന് മുന്നിലും ബീച്ച് ആശുപത്രിക്ക് മുന്നിലും പ്രകടനത്തോടെയാണ് പ്രതിഷേധം ആരംഭിച്ചത്. തുടർന്ന് പ്രതിഷേധ യോഗവും നടത്തി.
Also Read : വനിത ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകം; 24 മണിക്കൂര്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ഐഎംഎ