എറണാകുളം: കൊച്ചി വാട്ടർ മെട്രോ പുതിയ രണ്ട് റൂട്ടുകളിലൂടെയുള്ള യാത്ര സര്‍വീസ് ഇന്ന് ആരംഭിക്കും. രാവിലെ 7:45 ന് ഹൈക്കോടതി ജങ്ഷനിൽ നിന്നും സൗത്ത് ചിറ്റൂരിലേക്കാണ് ആദ്യ സർവീസ്. ആദ്യഘട്ടത്തില്‍ ഹൈക്കോടതി ജങ്‌ഷനില്‍ നിന്നും രാവിലെയും വൈകുന്നേരവുമായി രണ്ട് വീതം സര്‍വീസുകളാണ് ഉള്ളത്. സൗത്ത് ചിറ്റൂരിൽ നിന്നും ഹൈക്കോടതി ജങ്‌ഷനിലേക്കും രാവിലെയും, വൈകുന്നേരവും രണ്ട് സർവീസുകളാണ് ഉള്ളത് (New Routes of Kochi Water Metro ).
രണ്ടാമത്തെ റൂട്ടിൽ സൗത്ത് ചിറ്റൂരിൽ നിന്നും ഏലൂർ വഴി ചേരനെല്ലൂരിലേക്കും തിരിച്ചും, രാവിലെയും വൈകുന്നേരവും രണ്ട് വീതം സർവീസുകളാണ് നടത്തുക. ചുരുങ്ങിയത് 20 രൂപയും പരമാവധി 40 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കൊച്ചി വാട്ടർ മെട്രോയുടെ മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ എന്നീ നാല് ടെർനമിനലുകൾ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഉദ്ഘാടനം ചെയ്‌തത് (Two New Routes of Kochi Water Metro Will Start Today).
ഹൈക്കോർട്ട് ജങ്ഷൻ ടെർമിനലിൽ നിന്ന് ബോൽഗാട്ടി, മുളവുകാട് നോർത്ത് ടെർമിനലുകൾ വഴി സൗത്ത് ചിറ്റൂർ ടെർമിനൽ വരെയാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂർ ടെർമിനലിൽ നിന്നും ഏലൂർ ടെർമിനൽ വഴി ചേരാനെല്ലൂർ ടെർമിനൽ വരെയാണ് മറ്റൊരു റൂട്ട്. ഇതോടെ കൊച്ചി വാട്ടർ മെട്രേയ്ക്ക് ഒമ്പത് ടെർമിനലുകളിലായി അഞ്ച് റൂട്ടിലേക്കാണ് കൊച്ചി വാട്ടർ മെട്രോയെത്തുന്നത്. സർവീസ് ആരംഭിച്ച് പത്ത് മാസം പിന്നിട്ടപ്പോൾ മൂന്ന് റൂട്ടുകളിൽ പതിനേഴര ലക്ഷത്തിലധികം ആളുകളാണ് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്‌തതെന്ന നേട്ടവുമായാണ് വാട്ടർ മെട്രോ ലക്ഷ്യത്തിലേക്ക് കുതിക്കുന്നത്.
പാലിയംതുരുത്ത്, കുമ്പളം, വില്ലിങ്ടൺ ഐലൻഡ്, മട്ടാഞ്ചേരി എന്നീ ടെർമിനലുകളുടെ നിർമ്മാണവും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കൊച്ചി വാട്ടർ മെട്രോ പദ്ധതി ലക്ഷ്യമിടുന്നത് പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവീസ് നടത്തുന്ന രാജ്യത്തെ ഏറ്റവും വിപുലമായ ബോട്ട് സർവീസാണ്. രാജ്യത്തെ ആദ്യത്തെ വാട്ടർ മെട്രോ കൂടിയാണ് കൊച്ചി വാട്ടർ മെട്രാ സർവീസ്. 50 പേര്‍ക്ക് ഇരുന്നും 50 പേര്‍ക്ക് നിന്നും ആകെ 100 പേര്‍ക്ക് ഒരേസമയം യാത്ര ചെയ്യാന്‍ കഴിയുന്ന 23 ബോട്ടുകളും, 50 പേർക്ക് ഇരിക്കാൻ കഴിയുന്ന 55 ബോട്ടുകളുമാണ് വാട്ടർ മെട്രോയ്ക്ക് വേണ്ടി ഒരുങ്ങുന്നത്.
ബാറ്ററിയിലും, ഡീസല്‍ ജനറേറ്റര്‍ വഴിയും രണ്ടും ഉപയോഗിച്ചുള്ള ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബോട്ടെന്ന പുതുമയും ഈ ബോട്ടുകൾക്കുണ്ട്. പശ്ചിമ കൊച്ചിയിൽ നിന്നും വൈപ്പിൻ ദ്വീപുകളിൽ നിന്നും നഗരത്തിൽ സുരക്ഷിതമായി വേഗത്തിൽ എത്തിച്ചേരാനും കൊച്ചിയുടെ വിവിധ മേഖലകളിലേക്ക് നഗരത്തിൽ നിന്ന് തടസങ്ങളില്ലാതെയുള്ള യാത്രയ്ക്കുമാണ് വാട്ടർ മെട്രോ അവസരമൊരുക്കുന്നത്.
കുട്ടികള്‍ക്ക് മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ യാത്രക്കാർക്ക് ലൈഫ് ജാക്കറ്റ് ബോട്ടിലുണ്ട്. പൂര്‍ണമായും ശീതികരിച്ച ബോട്ടിലിരുന്ന് സുതാര്യമായ ഗ്ലാസിലൂടെ കായല്‍ കാഴ്‌ചകള്‍ പൂര്‍ണമായും ആസ്വദിച്ച് യാത്ര ചെയ്യാനുള്ള അവസരം കൂടെയാണിത്. നൂറു ശതമാനം പരിസ്ഥിതി സൗഹൃദമാണ് ജല മെട്രോയെന്നതും മറ്റൊരു സവിശേഷതയാണ്. കൊച്ചിയുടെ ഗതാഗത മേഖലയ്ക്കും വിനോദ സഞ്ചാര മേഖലയ്ക്കും അനന്തസാധ്യതകളാണ് വാട്ടർ മെട്രോ തുറന്നിടുന്നത്.