തിരുവനന്തപുരം : സംസ്ഥാനം രണ്ടുവർഷം കൊണ്ട് 4000 കോടിയോളം നികുതി ശേഖരിച്ചുവെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ശേഖരണമാണ് സംസ്ഥാനം നടത്തിയത് (Minister KN Balagopal about GST).
ആഭ്യന്തര വരുമാനം വർദ്ധിപ്പിക്കുന്നതിന് നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഏകപക്ഷീയമായി കേന്ദ്ര സർക്കാർ നികുതി വിഹിതം കുറയ്ക്കുകയാണെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഡൽഹിയിൽ കേന്ദ്രത്തിനെതിരെ സംസ്ഥാനം നടത്തുന്നത് പ്രക്ഷോഭം തന്നെയാണ്.
സാമ്പത്തിക ഉപരോധത്തിന് കീഴടങ്ങുന്നതിന് പകരം തിരികെ പോരാടാനാണ് തീരുമാനം. ഡൽഹി സമരത്തിന് യു.ഡി.എഫ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രം ഏകപക്ഷീയമായി നികുതി വിഹിതം കുറച്ചത് എല്ലാ സംസ്ഥാനങ്ങളെയും ബാധിച്ചിട്ടുണ്ട്. നികുതി വർധിപ്പിക്കാൻ നമുക്ക് അവകാശമില്ല. ജിഎസ്‌ടി കൗൺസിലിനാണ് അതിനുള്ള അധികാരം.
നികുതി ചോർച്ച തടയുന്നതിന് കാര്യക്ഷമമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതിർത്തികളിൽ നികുതി ചോർച്ച തടയാൻ പരിശോധന വേണമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. ചോദ്യോത്തര വേളയിൽ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.