കോഴിക്കോട്: മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം അടക്കമുളള നേതാക്കളെ തടഞ്ഞുവച്ച സംഭവത്തിൽ കുവൈറ്റ് കെഎംസിസിയിലെ പതിനൊന്ന് നേതാക്കൾക്ക് സസ്പെൻഷൻ. കുവൈറ്റ് സിറ്റിയിൽ നടന്ന യോഗത്തിനിടെ സംഘർഷമുണ്ടായ സംഭവം ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കുവൈറ്റ് കെഎംസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ഷറഫുദ്ദീൻ കണ്ണോത്ത് അടക്കമുള്ളവർക്ക് എതിരെയാണ് ലീഗ് നേതൃത്വം നടപടി എടുത്തത്.
മെയ് 31-ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ ചേര്‍ന്ന യോഗത്തിലാണ് സംഘര്‍ഷമുണ്ടായത്. സംഘടന തര്‍ക്കത്തെ തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാനാണ് പിഎംഎ സലാം, അബ്‌ദുറഹിമാന്‍ രണ്ടത്താണി, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നീ മുതിര്‍ന്ന ലീഗ് നേതാക്കള്‍ എത്തിയത്. യോഗം ആരംഭിച്ചതോടെ കുവൈറ്റ് കെഎംസിസി ജനറല്‍ സെക്രട്ടറി ഷറഫൂദ്ദീന്‍റെ നേതൃത്വത്തില്‍ ഒരു കൂട്ടം കെഎംസിസി പ്രവര്‍ത്തകര്‍ യോഗത്തിലേക്ക് തള്ളി കയറുകയായിരുന്നു.
പിഎംഎ സലാമിന്‍റെ ഉദ്ഘാടന പ്രസംഗത്തിനിടയിലായിരുന്നു സംഭവം. കോഴിക്കോട് ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ അല്ലാത്തവര്‍ യോഗത്തില്‍ നിന്നും പുറത്തേക്ക് പോകണമെന്ന് പിഎംഎ സലാം അഭ്യര്‍ത്ഥിച്ചെങ്കിലും ഇരച്ചു കയറിയ വിഭാഗം അത് നിരസിക്കുകയും ഹാളില്‍ തുടരുകയും ചെയ്‌തു. ഇതോടെ തെരഞ്ഞെടുപ്പ് നടത്താനാവാതെ യോഗം നിര്‍ത്തി വയ്ക്കുകയായിരുന്നു.
ഈ സംഭവത്തെ തുടര്‍ന്നാണ് പതിനൊന്ന് നേതാക്കള്‍ക്ക് എതിരെ നടപടി എടുത്തത്. ഇതിലൂടെ ലീഗിന്‍റെ പ്രവാസി സംഘടനയായ കെഎംസിസിയിലെ ചേരിതിരിവാണ് മറനീക്കി പുറത്ത് വന്നിരിക്കുന്നത്.
Also Read: ഹാട്രിക് 'പ്രേമലു'വോ, താരത്തിളക്കമോ, കൊല്ലത്തിന്‍റെ കരുത്തനാര് ?