പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിൻ്റെ മരണം കൊലപാതകമാണെന്ന് സംശയിക്കത്തക്ക തെളിവുകളാണ് പുറത്തുവരുന്നതെന്ന് ആര്‍എംപി നേതാവ് കെകെ രമ എംഎല്‍എ. നവീൻ ബാബുവിൻ്റെ മലയാലപ്പുഴ പത്തിശ്ശേരിയിലെ വീട്ടിലെത്തി ബന്ധുക്കളെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. എഡിഎം നവീൻ ബാബുവിൻ്റെ മരണത്തില്‍ ഒരുപാട് ദുരൂഹതകള്‍ ഉണ്ട്. മരണം ആത്മഹത്യയാണെന്ന് തെളിയിക്കുന്ന ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല.
എന്നാല്‍ നവീൻ ബാബുവിൻ്റെ മരണം ആത്മഹത്യയല്ലയെന്ന് തെളിയിക്കുന്ന ഒരുപാട് കാരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. അന്വേഷണം ആ മേഖലയിലേക്ക് പോകുന്നില്ലെന്നും ദിവ്യയുടെ പരാമർശത്തില്‍ യാതൊരു കുഴപ്പവുമില്ലെന്ന് തെളിയിക്കാൻ സിപിഎം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കെകെ രമ വിമർശിച്ചു. ടിപി ചന്ദ്രശേഖരൻ കേസിലടക്കം പ്രതികള്‍ക്ക് വേണ്ടി വാദിച്ച അഡ്വക്കേറ്റ് വിശ്വനാണ് ദിവ്യയുടെ കേസും വാദിക്കുന്നതെന്ന് രമ ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എഡിഎമ്മിനെ വാഹനത്തില്‍ കൊണ്ടുപോയി ഇറക്കിവിട്ടു എന്നാണ് ഡ്രൈവർ പറഞ്ഞത്. എഡിഎം സുഹൃത്തിനെ കണ്ട് സംസാരിച്ചുവെന്നും മൊഴിയുണ്ട്. ഈ സുഹൃത്തിൻ്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചോ? ഇത് ആത്മഹത്യയാണെന്ന് നമുക്ക് വിശ്വസിക്കാൻ സാധിക്കാത്തത് ഇതുകൊണ്ടൊക്കെയാണ്.
കണ്ണൂരില്‍ നടക്കുന്ന ഒട്ടേറെ മരണങ്ങളുടെ ഒരു തുടര്‍ച്ചയാണ് നവീന്‍ ബാബുവിൻ്റെ മരണമെന്നും പിന്നില്‍ വലിയ ആലോചന നടന്നിട്ടുണ്ടെന്നും കെകെ രമ ആരോപിച്ചു. നവീന്‍ ബാബുവിൻ്റെ മരണം അന്വേഷിച്ചു കണ്ടെത്തണം. അതിന് കേരളത്തിന് പുറത്തുള്ള ഒരു ഏജന്‍സിക്ക് മാത്രമേ ഇത് സാധിക്കുകയുള്ളൂ. ആ ഏജന്‍സിക്ക് അന്വേഷണം കൈമാറണമെന്നും കെകെ രമ പറഞ്ഞു.
ഏറ്റവും നല്ല ഉദ്യോഗസ്ഥനാണെന്ന് ജില്ലാ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ഒരാള്‍ക്കെതിരെയാണ് ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഴിമതി ആരോപണം ഉന്നയിക്കുന്നത്. അത് തന്നെ ദുരൂഹമാണെന്നും കെകെ രമ പ്രതികരിച്ചു.
Also Read: എഡിഎമ്മിന്‍റെ മരണം; പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി 29ന്