കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നീതിക്കായി പോരാടുന്ന കെ കെ ഹർഷിന വീണ്ടും ആശുപത്രിയില്‍. വയറ്റില്‍ ശസ്ത്രക്രിയ വേണമെന്നാണ് ആശുപത്രിയില്‍ നിന്ന് അറിയിച്ചിരിക്കുന്നത്.
മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹർഷിനയെ ന്യൂറോളജി, സർജറി വിഭാഗം ഡോക്‌ടർമാർ പരിശോധിച്ചു. കൈകളിലെ അസഹനീമായ വേദനയും വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ കത്രിക നീക്കം ചെയ്‌ത ഭാഗത്തെ അസാധാരണമായ വളർച്ചയും കാരണമാണ് ആശുപത്രിയിലെത്തിയത്.
തുടർ ചികിത്സയ്ക്കുമായി ഏറെ സാമ്പത്തിക പ്രയാസം അനുഭവിക്കുകയാണെന്നും സർക്കാർ കൂടെയുണ്ടെന്ന് പറയുന്നതല്ലാതെ ഇതുവരെ ഒരു വിധത്തിലുള്ള സഹായവും ലഭിച്ചിട്ടില്ലെന്നും ഹർഷിന ആശുപത്രിയില്‍ വച്ച് പറഞ്ഞു. ആശുപത്രിയില്‍ കിടക്ക ഒഴിവില്ലാത്തതിനാല്‍ അടുത്ത ദിവസം വീണ്ടുമെത്തി ശസ്ത്രക്രിയയ്‌ക്ക് വിധേയയാകും. മെഡിക്കല്‍ കോളജിലെ ഡോക്‌ടർമാർ പ്രതികളായ കേസ് 19 ന് കുന്ദമംഗലം കോടതി പരിഗണിക്കും.
ഐസിയു പീഡനക്കേസിൽ കൃത്യമായ മൊഴി രേഖപ്പെടുത്തിയില്ല, അതിജീവിത വീണ്ടും സമരത്തിലേക്ക് : മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത വീണ്ടും സമരത്തിലേക്ക്. അതിജീവിതയുടെ മൊഴിയെടുത്ത ഗൈനക്കോളജിസ്‌റ്റ് കെ വി പ്രീതിക്കെതിരായ പരാതിയിലെ അന്വേഷണ പുരോഗതി അറിയാൻ അതിജീവിത കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറെ കണ്ടു. ഡോ പ്രീതി കൃത്യമായ മൊഴി രേഖപ്പെടുത്തിയില്ലെന്നും ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചില്ലെന്നുമായിരുന്നു അതിജീവിതയുടെ പരാതി.
ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നും പരാതി മുഴുവൻ രേഖപ്പടുത്തിയില്ലെന്നും അതിജീവിത നല്‍കിയ പരാതിയില്‍ ഉണ്ട്. ശരീരത്തില്‍ കണ്ട മുറിവുകള്‍ രേഖപ്പെടുത്താൻ നഴ്‌സുമാർ പറഞ്ഞപ്പോള്‍ ഡോക്‌ടർ അതിജീവിതയെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചെന്നും അതിജീവിത പറയുന്നു.
പ്രീതിക്കെതിരെ നിയമ നടപടി വേണമെന്നാവശ്യപ്പെട്ടാണ് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നല്‍കിയത്. ഈ പരാതിയില്‍ രണ്ട് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് കിട്ടണമെന്നാണ് അതിജീവിതയുടെ ആവശ്യം. ഇല്ലെങ്കില്‍ കമ്മിഷണർ ഓഫിസിന് മുന്നില്‍ സമരം തുടങ്ങുമെന്നും അവർ അറിയിച്ചു.
തിങ്കളാഴ്‌ച (ഏപ്രിൽ 15) കമ്മിഷണറെ കാണാനെത്തിയ അതിജീവിതയെ കമ്മിഷണർ ഓഫിസിന് മുന്നില്‍ തടഞ്ഞിരുന്നു. ഇതില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇന്ന് പരാതി നല്‍കും. നീതി ഉറപ്പാക്കുമെന്ന ആരോഗ്യ മന്ത്രിയുടെ വാക്കുകളില്‍ വിശ്വാസമില്ലെന്നും അതിജീവിത പറഞ്ഞു.
ALSO READ : സിസ്‌റ്റര്‍ അനിതയുടെ നിയമനം; പുനഃപരിശോധനാ ഹർജി പരിഗണിക്കുക വേനലവധിക്ക് ശേഷം