ഇടുക്കി : കോൺഗ്രസ് പ്രകടനപത്രികയ്ക്കെതിരെ കിസാൻ സഭ നേതൃത്വം രംഗത്ത്. പ്രകടനപത്രികയിലെ ഇടുക്കിയിൽ വനം വർധിപ്പിക്കണമെന്ന പരാമർശത്തിനെതിരായാണ് പ്രതിഷേധം ഉയർന്നത്. ഇടുക്കിയിൽ ആവശ്യത്തിൽ കൂടുതൽ വന വിസ്‌തൃതിയുള്ളപ്പോൾ ആഗോള താൽപര്യം നടപ്പാക്കുവാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്‍റ് മാത്യു വർഗീസ് ആരോപിക്കുന്നു.
കോൺഗ്രസ് അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ വന വിസ്‌തൃതി കൂട്ടും, ഇടുക്കിയിലെ വന വിസ്‌തൃതി കൂട്ടുമെന്ന് പറയുന്നത് ശരിക്കും ഇവിടുത്തെ കർഷകരോട് ചെയ്യുന്ന ക്രൂരതയാണെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ വനമുള്ള ജില്ല ഇടുക്കി ജില്ലയാണ്. ഇടുക്കിയിലെ വന വിസ്‌തൃതി കൂടുതൽ വർധിപ്പിക്കുക എന്നതിന്‍റെ അർഥം ഇടുക്കിയിലെ കൃഷിക്കാരെ ഇവിടുന്ന് ഒഴിവാക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷക്കാലം ഇടുക്കിയുടെ ഒരു കാര്യത്തിലും ഇടപെടാതിരുന്ന ഇടുക്കിയിലെ മലയോര കർഷകരോട് നീതി പുലർത്തതിരുന്ന എം പി ഡീൻ കുര്യാക്കോസ് ഇത്തവണയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെന്നതാണ് പരിഹാസ്യമായി തോന്നുന്ന കാര്യം. ഫോറസ്‌റ്റുകാരോട് ഒത്ത് ചേർന്ന് മലയോര ജനതയെ ഉപദ്രവിക്കുന്ന കാര്യത്തിൽ മുൻപിൽ നിന്ന ആളാണ് അദ്ദേഹം. ജനങ്ങളെ ഉപദ്രവിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് ഇവിടെ കൊണ്ടുവന്നത്. ടൈഗർ റിസർവ്, വന്യജീവി ഇടനാഴി, ചിന്നക്കനാൽ വിഷയത്തിലും മലയോര ജനതയ്‌ക്ക് വേണ്ടി ഒരു കാര്യവും മിണ്ടാൻ അദ്ദേഹം തയ്യാറായില്ല എന്ന് മാത്യു വർഗീസ് പറഞ്ഞു.
Also Read : കാടുമൂടി നെടുംകണ്ടം-തേവാരംമെട്ട് തേവാരം പാത; പുനർനിർമാണം ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്‌മ രംഗത്ത് - Protest For Kerala Tamilnadu Road