കോഴിക്കോട് : കൊടുവള്ളി മാനിപുരം ഭാഗത്ത് നിന്നും കാട്ടുപന്നിയെ കുരുക്ക് വച്ച് പിടികൂടി കൊന്ന് ഇറച്ചിയാക്കി വില്‌പന നടത്തുകയും പാചകം ചെയ്യുകയും ചെയ്‌ത സംഘത്തിലെ രണ്ട് പേരെ വനം വകുപ്പ് പിടികൂടി. തിരുവമ്പാടി പുല്ലൂരാമ്പാറ കാട്ടുപാലത്ത് സജി ജോസഫ് എന്ന സിറാജുദ്ധീൻ (46), കൊടുവള്ളി വാവാട് വില്ലേജിൽ കൈതാക്കുന്നുമ്മൽ ഭരതൻ (67) എന്നിവരാണ് പിടിയിലായത്.
താമരശ്ശേരി റെയിഞ്ച് ഫോറസ്‌റ്റ് ഓഫീസർ പി വിമലിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കാട്ടുപന്നിയുടെ ഇറച്ചിയും തൊണ്ടി മുതലുകളും സഹിതം പ്രതികൾ പിടിയിലായത്.
താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്‌തു. സെക്ഷൻ ഫോറസ്‌റ്റ് ഓഫീസർ എം സി വിജയകുമാർ, ബീറ്റ് ഫോറസ്‌റ്റ് ഓഫീസർമാരായ കെ എസ് നിതിൻ , എം ടി സുധീഷ്, പി വി സ്‌മിത, ഡ്രൈവർ ജിതേഷ് എന്നിവർ ഉൾപ്പെട്ട വനം വകുപ്പ് സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായി വനം വകുപ്പ് അന്വേഷണം ആരംഭിച്ചതായി റെയിഞ്ച് ഫോറസ്‌റ്റ് ഓഫീസർ അറിയിച്ചു.
തോട്ടുമുക്കത്തെ കാട്ടുപന്നി ശല്യം; തുരു തുരെ തുരത്താൻ നായാട്ടിനിറങ്ങി വനം വകുപ്പ് : കോഴിക്കോട് തോട്ടുമുക്കത്ത് റിട്ടയർ അധ്യാപികയെ കാട്ടുപന്നി കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് കാട്ടുപന്നികളെ തുരത്തുന്നതിന് പന്നി നായാട്ട് നടത്തി (Wild Boar Nuisance ; wild boar hunting at Thotumukkam). വനംവകുപ്പിന്‍റെ കീഴിലുള്ള എം പാനൽ ഷൂട്ടർമാരുടെ നേതൃത്വത്തിലാണ് പന്നി നായാട്ട് നടത്തിയത്. കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം, പള്ളി താഴെ, മേടരഞ്ഞി എന്നിവിടങ്ങളിലാണ് കാട്ടുപന്നികളെ തുരത്തുന്നതിന് വേണ്ടി പന്നി നായാട്ട് നടത്തിയത്.
ഞായറാഴ്‌ച (03-03-2024) രാവിലെ മുതൽ തുടങ്ങിയ പന്നി നായാട്ടിൽ അഞ്ച് കാട്ടുപന്നികളെയാണ് വെടിവെച്ച് കൊന്നത്. പകൽ സമയങ്ങളിൽ പോലും ജനങ്ങൾക്ക് നേരെ കാട്ടുപന്നികൾ ആക്രമണം തുടങ്ങിയതോടെയാണ് ഗ്രാമപഞ്ചായത്ത് ഇത്തരത്തിലൊരു നായാട്ടിന് തുടക്കമിട്ടത്. നായാട്ടിനിടയിൽ നിരവധി കാട്ടുപന്നികൾ ശ്രദ്ധയിൽപ്പെട്ടെങ്കിലും അഞ്ചെണ്ണത്തെയാണ് വെടിവെച്ചു വീഴ്ത്താൻ സാധിച്ചത് (Wild Boar Nuisan). വരും ദിവസങ്ങളിലും പന്നി നായാട്ട് തുടരുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യ ഷിബു പറഞ്ഞു.
ALSO READ : കാട്ടുപന്നി കുറുകെ ചാടി ; ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു