തിരുവനന്തപുരം : ജനറല്‍ ആശുപത്രിയിലെ ഡോക്‌ടറെ കുഴി നഖ ചികിത്സയ്‌ക്കായി തന്‍റെ ഔദ്യോഗിക വസതിയിലേക്ക് വിളിച്ചുവരുത്തി പുലിവാലുപിടിച്ച് തിരുവനന്തപുരം ജില്ല കലക്‌ടർ ജെറോമിക് ജോര്‍ജ്. കലക്‌ടറുടെ നടപടി തികഞ്ഞ അധികാര ദുര്‍വിനിയോഗമാണെന്ന് ആരോപിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്‌ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ (കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍) രംഗത്തുവന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കെജിഎംഒഎ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ മെയ് 4നാണ് വിവാദമായ സംഭവം ഉണ്ടാകുന്നത്. രാവിലെ ഒപി സമയത്ത് ജില്ല കലക്‌ടറുടെ വീട്ടില്‍ നിന്ന് ജനറല്‍ ആശുപത്രിയിലേക്ക് കലക്‌ടറുടെ വിളിയെത്തി. തനിക്ക് കാലില്‍ കുഴി നഖത്തിന്‍റെ പ്രശ്‌നമുണ്ടെന്നും സര്‍ജറിയില്‍ നിന്ന് ഒരു ഡോക്‌ടര്‍ അടിയന്തരമായി കവടിയാറിലെ തന്‍റെ ഔദ്യോഗിക വസതിയിൽ എത്തണമെന്നുമായിരുന്നു കലക്‌ടറുടെ നിര്‍ദേശം.
ഈ സമയം സര്‍ജറി ഒപിയില്‍ നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടി ക്യൂവിലുണ്ടായിരുന്നിട്ടും ഒപി മതിയാക്കി ഡോക്‌ടര്‍ കലക്‌ടറുടെ വസതിയിലേക്ക് പോയി. കലക്‌ടറുടെ വസതിയിലെത്തുമ്പോള്‍ അവിടെ കലക്‌ടര്‍ ഒരു മീറ്റിംഗില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹത്തിന്‍റെ ജിവനക്കാരിലൊരാള്‍ അറിയിച്ചു. ഇതനുസരിച്ച് മീറ്റിംഗ് തീരുന്നതുവരെ ഏകദേശം അരമണിക്കൂറിലധികം ഡോക്‌ടര്‍ കാത്തിരുന്നു.
മീറ്റിംഗിന് ശേഷമാണ് കലക്‌ടര്‍ പുറത്തുവന്ന് ചികിത്സ തേടിയത്. ജില്ല കലക്‌ടര്‍ ജില്ലയിലെ വിവിഐപി എന്ന നിലയില്‍ ഏത് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയാലും അവിടെ വിവിഐപി പരിഗണന കിട്ടുമെന്നിരിക്കെ അതിന് തയ്യാറാകാതെ ഡോക്‌ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് തികഞ്ഞ അധികാര ദുര്‍വിനിയോഗമാണെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തുന്നില്ലെങ്കില്‍ പ്രക്ഷോഭത്തിലേക്ക് പോകുമെന്നും കെജിഎംഒഎ തിരുവനന്തപുരം ജില്ല പ്രസിഡന്‍റ് ഡോ പി എസ് പത്മ പ്രസാദും സെക്രട്ടറി ഡോ. എന്‍ സുനിതയും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അതിനിടെ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പും സമാനമായ സംഭവം ഉണ്ടായതായി കെജിഎംഒഎ ഭാരവാഹികള്‍ ആരോപിച്ചു. അന്ന് കലക്‌ടര്‍ ജെറോമിക് ജോര്‍ജ് പേരൂര്‍ക്കട ജില്ല ആശുപത്രിയില്‍ നിന്ന് ഡോക്‌ടറെ തന്‍റെ ഔദ്യോഗിക വസതിയിലേക്ക് വിളിച്ചുവരുത്തിയെന്നാണ് ആരോപണം. അധികാരത്തിന്‍റെ മറവില്‍ കലക്‌ടര്‍ ഇത് അടിക്കടി ആവര്‍ത്തിക്കുകയാണെന്നും ഇത് ഡോക്‌ടര്‍ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും അംഗീകരിക്കാനാകില്ല എന്നുമാണ് സര്‍ക്കാര്‍ ഡോക്‌ടര്‍മാര്‍ പറയുന്നത്.
ALSO READ: സുഗന്ധഗിരി മരംമുറി കേസ് : അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചെന്ന് വനിത റേഞ്ചർ