കോഴിക്കോട്: ഇറാന്‍ പിടികൂടിയ ഇസ്രയേല്‍ ബന്ധമുളള ചരക്ക് കപ്പലിലെ മൂന്ന് മലയാളികളും സുരക്ഷിതരെന്ന് റിപ്പോർട്ട്. കപ്പലിലെ സെക്കന്‍ഡ് എന്‍ജിനീയറായ കോഴിക്കോട് സ്വദേശി ശ്യാം നാഥ്, വയനാട് സ്വദേശി മിഥുൻ, പാലക്കാട് സ്വദേശി സുമേഷ് എന്നിവരാണ് കപ്പലിലുള്ളത്. ചരക്ക് കപ്പലായതിനാല്‍ തന്നെ ജീവനക്കാരോട് ഇറാന്‍ ശത്രുത കാട്ടില്ലെന്നാണ് പ്രതീക്ഷയെന്ന് ശ്യാം നാഥിന്‍റെ കുടുബം പറയുന്നത്.
ഇസ്രയേൽ പൗരനായ ഇയാല്‍ ഓഫറിന്‍റെ ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍-സ്വിസ് കമ്പനി എംഎസ്‍സിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചരക്ക് കപ്പലാണ് ഇറാന്‍ സേന പിടികൂടിയത്. വിവരം കപ്പല്‍ കമ്പനി കോഴിക്കോട് വെള്ളിപറമ്പിലെ ശ്യാം നാഥിന്‍റെ കുടുംബത്തെ അറിയിച്ചിരുന്നു. കപ്പലിലുളള വയനാട് സ്വദേശി ധനേഷ് ബന്ധുക്കളെ വിളിച്ച് താന്‍ സുരക്ഷിതനെന്ന് അറിയിച്ചു. പാലക്കാട് സ്വദേശിയായ സുമേഷിന്‍റെ കുടുംബത്തെ വിളിച്ച കപ്പല്‍ കമ്പനി അധികൃതരും ആശങ്ക വേണ്ടെന്ന് അറിയിച്ചു.
കഴിഞ്ഞ 10 വര്‍ഷമായി ഇതേ കമ്പനിയില്‍ ജോലി ചെയ്യുകയാണ് ശ്യാംനാഥ്. നിലവില്‍ കപ്പലിലെ സെക്കന്‍ഡ് എന്‍ജിനീയറായ ശ്യാമിനൊപ്പമാണ് സെക്കന്‍ഡ് ഓഫീസര്‍ വയനാട് സ്വദേശി മിഥുനും തേര്‍ഡ് എന്‍ജിനീയറായ പാലക്കാട് സ്വദേശി സുമേഷും ജോലി ചെയ്യുന്നത്. വിഷുവിന് നാട്ടില്‍ വരാനിരിക്കുകയായിരുന്നു ശ്യാംനാഥ്.
എന്നാല്‍, പകരം ജോലിക്ക് കയറേണ്ട ആള്‍ വൈകിയതിനാലാണ് യാത്ര മാറ്റേണ്ടി വന്നത്. കര സേനയിലും കേന്ദ്ര സര്‍ക്കാരിന് കീഴിലെ ഷിപ്പിങ് മന്ത്രാലയത്തിലും ഏറെ കാലം ജോലി ചെയ്‌തയാളാണ് ശ്യാം നാഥിന്‍റെ പിതാവ് വിശ്വനാഥന്‍.
Also Read : ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ നിന്ന് ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ തീവ്ര ശ്രമം, ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാന്‍; ആശങ്കയില്‍ ലോക രാജ്യങ്ങള്‍ - Development Of Iran Israel Conflict