കണ്ണൂര്‍: മുനിസിപ്പല്‍ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 16 ന് മാഹിയില്‍ വ്യാപാര ബന്ദ്. വ്യാപാരി വ്യവസായി ഏകോപനസമിതി ചെയര്‍മാന്‍ കെ കെ അനില്‍കുമാറാണ് ബന്ദ് നടത്താന്‍ തീരുമാനിച്ച വിവരം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
വ്യാപാരികള്‍ ലൈസന്‍സ് പുതുക്കാന്‍ മുനിസിപ്പല്‍ കമ്മീഷണനറുടെ ഓഫീസില്‍ പോയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അവധിയിലാണെന്നതാണ് മറുപടി. യുസര്‍ ഫീയുടെ പേരില്‍ വന്‍ കൊള്ളയാണ് മുൻസിപ്പല്‍ അധികൃതര്‍ നടത്തുന്നതെന്നും സമിതി ചെയർമാൻ ആരോപിച്ചു.
കഴിഞ്ഞ തവണത്തെ ലൈസന്‍സ് പോലും ഇതുവരെ നല്‍കാത്ത സാഹചര്യമാണ് മാഹിയില്‍ നിലവിൽ ഉള്ളത്. മാഹി നിവാസികള്‍ക്ക് ജനന - മരണ സര്‍ട്ടിഫിക്കറ്റും വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നില്ല. സ്ഥിരമായി കമ്മീഷണറെ പോലും നിയമിക്കാത്ത അവസ്ഥയാണ് മാഹിയിലുള്ളത്.
പുതുച്ചേരി സംസ്ഥാനത്തിന്‍റെ ഭാഗമായ മാഹിയില്‍ തദ്ദേശ സ്വയം ഭരണ സംവിധാനം നിലച്ചിട്ട് ഒരു ദശവര്‍ഷക്കാലത്തിലേറെയായി. ജനങ്ങളില്‍ നിന്നും വ്യാപാരികളില്‍ നിന്നും നികുതി പിരിക്കലും ഫീസ് വാങ്ങലും മാത്രമാണ് മുനിസിപ്പാലിറ്റിയുടെ ഏക പ്രവര്‍ത്തനം. മാഹി നഗരസഭയുടെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ചപോലെയാണെന്നും സമിതി ആരോപിച്ചു.
മാഹി മുനിസിപ്പല്‍ മൈതാനവും ഫിഷറീസ് കോമ്പൗണ്ടും ഹാര്‍ബര്‍ റോഡും വാഹന പാര്‍ക്കിങിന് വേണ്ടി തുറന്ന് കൊടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നഗരസഭയുടെ ഭാഗത്ത് നിന്ന് ഇതുവരെ യാതൊരു മറുപടിയും വന്നില്ല ഈ ആവശ്യം ഉടൻ നടപ്പിലാക്കണമെന്നും, നഗരസഭയില്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാഹിയില്‍ വ്യാപാര ബന്ദ് ആചരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ വ്യാപാരി-വ്യവസായി ഏകോപനസമിതി നേതാക്കളായ ഷാജി പിണക്കാട്ട്, ഷാജു കാനം, കെ കെ ശ്രീജിത്ത് എന്നിവരും പങ്കെടുത്തു.
Also Read : ഇതര ജില്ലക്കാര്‍ക്ക് പെട്രോളും മദ്യവും മാത്രം മതി; നിറം മങ്ങി മാഹിയുടെ വാണിജ്യപ്പെരുമ