തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് അടിമുടി പരിഷ്‌കരിക്കും. ഡ്രൈവിങ് ടെസ്റ്റ്, ലേണേഴ്‌സ് പരീക്ഷ എന്നിവയിലാണ് മാറ്റം വരുത്തുക. പരിഷ്‌കാരം സംബന്ധിച്ച് നിർദേശങ്ങൾ അറിയിക്കാൻ 10 അംഗ കമ്മിറ്റിയെ നിയോഗിച്ചു. സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ആണ് കമ്മിറ്റിയുടെ അധ്യക്ഷൻ. ഒരാഴ്‌ചയ്‌ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം (Modification In Driving Test).
ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ആവശ്യപ്പെട്ട പ്രകാരമാണ് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിക്കുന്നത്. നേരത്തെ മന്ത്രി തൊഴിലാളി സംഘടനാ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തുടർനടപടികളിലേക്ക് കടക്കുന്നത് (Minister KB Ganesh Kumar).
ലൈസൻസ് ഉള്ളവർക്ക് പോലും മര്യാദയ്ക്ക് വാഹനം ഓടിക്കാൻ അറിയില്ലെന്ന് ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. ടെസ്റ്റിന് എച്ച് മാത്രം എടുത്താൽ പോരെന്നും കയറ്റത്തിൽ നിർത്തി മുന്നോട്ട് എടുക്കുക, റിവേഴ്‌സ് പാർക്കിംഗ് ചെയ്യുക എന്നിവ കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നും എങ്കില്‍ മാത്രമേ ലൈസൻസ് നൽകൂവെന്നും മന്ത്രി അറിയിച്ചിരുന്നു (Upgradation in Driving Test).
അതേസമയം നഗരത്തിൽ ഓടുന്ന ഇലക്ട്രിക് ബസുകൾ ലാഭകരമല്ലെന്ന മന്ത്രിയുടെ വിലയിരുത്തലിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെ മന്ത്രിയുടെ വാദങ്ങൾ തള്ളി കെഎസ്ആർടിസിയുടെ വാർഷിക റിപ്പോർട്ടും പുറത്തുവന്നിരുന്നു. മന്ത്രി ആവശ്യപ്പെട്ട ഇലക്ട്രിക് ബസുകളുടെ പ്രതിദിന വരവ് ചിലവ് കണക്കുകൾ ചൊവ്വാഴ്‌ചയോടെ കെഎസ്ആർടിസി കൈമാറും(Driving license test).