തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് മൂന്നിന് തുടങ്ങുന്ന പരീക്ഷ മാര്‍ച്ച് 26 വരെയാണ് നടക്കുക. 78 ക്യാമ്പുകളിലായാണ് മൂല്യനിര്‍ണയം. ഏപ്രില്‍ എട്ടിന് ആരംഭിക്കുന്ന മൂല്യനിര്‍ണയം 28ന് അവസാനിക്കും.
മെയ് മൂന്നാം വാരത്തിനകം ഫലം പ്രഖ്യാപിക്കും. മാര്‍ച്ച് 3 മുതല്‍ 29 വരെയാണ് ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ നടക്കുക. ആകെ 4,28,953 കുട്ടികള്‍ പത്താം തരത്തിലുണ്ട്. പരീക്ഷ രാവിലെ 9.30 നാണ് ആരംഭിക്കുക.
കഴിഞ്ഞ തവണ കേരളത്തില്‍ 2954 കേന്ദ്രങ്ങളിലും ഗള്‍ഫില്‍ ഏഴും ലക്ഷദ്വീപില്‍ ഒമ്പതും പരീക്ഷാ കേന്ദ്രങ്ങളിലുമാണ് എസ്‌എസ്എല്‍സി പരീക്ഷ നടന്നത്. ഇത്തവണ എത്ര കേന്ദ്രങ്ങള്‍ ഉണ്ടാകുമെന്ന് രജിസ്ട്രേഷന് ശേഷം മാത്രമേ പറയാനാവൂ.
ഉത്തരക്കടലാസുകളുടെ വിതരണം ആരംഭിച്ചു. ജനുവരി 20 മുതല്‍ 30 വരെ ഐ ടി മോഡല്‍ പരീക്ഷയും ഫെബ്രുവരി 1 മുതല്‍ 14 വരെ ഐടി പൊതു പരീക്ഷയും നടക്കും. മറ്റ് മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 13 മുതൽ 27 വരെയുള്ള തീയതികളിലാണ് നടക്കുക.
എസ്എസ്എല്‍സി പരീക്ഷ ടൈം ടേബിള്‍
തീയതി | സമയം | വിഷയം |
3 മാര്‍ച്ച് 2025 | 9:30 AM - 12:15 PM | ഇംഗ്ലീഷ് |
5 മാര്‍ച്ച് 2025 | 9:30 AM - 11:15 AM | മലയാളം ഒന്നാം പേപ്പര്‍ |
7 മാര്‍ച്ച് 2025 | 9:30 AM - 11:15 AM | മലയാളം രണ്ടാം പേപ്പര്‍ |
10 മാര്‍ച്ച് 2025 | 9:30 AM - 12:15 PM | ഗണിതം |
17 മാര്‍ച്ച് 2025 | 9:30 AM - 12:15 PM | സോഷ്യല്‍ സയൻസ് |
19 മാര്‍ച്ച് 2025 | 9:30 AM - 11:15 AM | ഹിന്ദി |
21 മാര്‍ച്ച് 2025 | 9:30 AM - 11:15 AM | ഫിസിക്‌സ് |
24 മാര്‍ച്ച് 2025 | 9:30 AM - 11:15 AM | രസതന്ത്രം |
26 മാര്‍ച്ച് 2025 | 9:30 AM - 11:15 AM | ജീവശാസ്‌ത്രം |
ഹയര്‍ സെക്കൻഡറി വിഭാഗം: ഹയര്‍ സെക്കൻഡറി ഒന്നാം വര്‍ഷ (പ്ലസ് വണ്‍) പരീക്ഷകള്‍ മാര്‍ച്ച് ആറിന് ആരംഭിച്ച് 29ന് അവസാനിക്കും. ഉച്ചയ്‌ക്ക് ശേഷമാണ് പ്ലസ് വണ്‍ പരീക്ഷകള്‍ എല്ലാം. പ്ലസ് ടു പരീക്ഷ മാര്‍ച്ച് 3 മുതല്‍ മാര്‍ച്ച് 26 വരെ നടക്കും. ഉച്ചയ്‌ക്ക് ശേഷമാണ് പ്ലസ് ടു പരീക്ഷകളും.
ഉത്തര കടലാസ് മൂല്യ നിര്‍ണയത്തിനായി സ്‌കീം ഫൈനലൈസേഷന്‍ മാര്‍ച്ച് 28, ഏപ്രില്‍ 8 എന്നീ തിയതികളിലായി നടക്കും. ഏപ്രില്‍ 11 ന് ഇംപ്രൂവ്മെന്‍റ് സപ്ലിമെന്‍ററി പരീക്ഷകളുടെ മൂല്യനിര്‍ണയം നടക്കും. പിന്നീട് രണ്ടും ഒന്നും വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷ മൂല്യ നിര്‍ണയവും നടക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒമ്പതാം ക്ലാസ് പരീക്ഷ ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 24 വരെ നടത്തും. എട്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 20 വരെ നടത്തും. എട്ടാം ക്ലാസില്‍ ഈ വര്‍ഷം മിനിമം മാര്‍ക്ക് മാനദണ്ഡം നിര്‍ബന്ധമാക്കും. അടുത്ത വര്‍ഷം ഒമ്പതാം ക്ലാസിലും മിനിമം മാര്‍ക്ക് മാനദണ്ഡം നിര്‍ബന്ധമാക്കും.
കുട്ടികളെ തോല്‍പ്പിക്കുമെന്നത് കുപ്രചാരണമാണ്. അക്കാര്യത്തില്‍ സര്‍ക്കാരിന് ഉറച്ച നിലപാടുണ്ട്. മിനിമം മാര്‍ക്ക് മാനദണ്ഡത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന് വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
'അതിന് മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടുണ്ട്. എട്ടാം ക്ലാസില്‍ സബ്‌ജക്‌ട് മിനിമം കൊണ്ടുവന്നതോടെ ജയിക്കണമെന്ന വാശിയോടെ കുട്ടികള്‍ പഠിക്കുന്നുണ്ട്. കുട്ടികള്‍ തോല്‍ക്കരുതെന്ന ചിന്ത അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ട്.
കുട്ടിക്ക് എന്തെങ്കിലും കുറവ് സംഭവിച്ചാല്‍ 2-3 ആഴ്‌ചക്കാലത്തെ ക്ലാസ് നല്‍കി കുറവ് പരിഹരിച്ച് പാസാക്കും. നിലവാരം ഉയര്‍ത്തേണ്ടത് എല്ലാവരുടേയും ആവശ്യമാണ്. ഉന്നത കോഴ്‌സുകളിലും ദേശീയ തലത്തിലുള്ള മത്സര പരീക്ഷകളിലും മികവ് പുലര്‍ത്തിയാലേ വിജയിക്കൂ. അവിടെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ ഉയര്‍ത്തുന്ന താത്വിക പ്രശ്‌നങ്ങള്‍ പറഞ്ഞാല്‍ തോറ്റ് വീട്ടില്‍ ചെന്നിരിക്കാനേ പറ്റൂ' മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി വിഭാഗം: ഒന്നാം വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് ആറിന് തുടങ്ങി 29ന് അവസാനിക്കും. രണ്ടാം വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് മൂന്നിനാണ് ആരംഭിക്കുക. 26ന് പരീക്ഷ അവസാനിക്കും. രണ്ടാം വർഷ എൻ.എസ്.ക്യു.എഫ് വൊക്കേഷണൽ പ്രായോഗിക പരീക്ഷ 2025 ജനുവരി 15 ന് ആരംഭിച്ച് ഫെബ്രുവരി 24 വരെയാണ്. രണ്ടാം വർഷ നോൺ വൊക്കേഷണൽ പ്രായോഗിക പരീക്ഷ 2025 ജനുവരി 22ന് ആരംഭിച്ച് ഫെബ്രുവരി 14 ന് അവസാനിക്കും. 389 പരീക്ഷ സെന്‍ററുകളാണ് പരീക്ഷയ്‌ക്കായി ക്രമീകരിക്കുക.
Also Read : അർധ സർക്കാർ സ്ഥാപനങ്ങളിൽ കരാര്‍ അടിസ്ഥാനത്തിൽ ജോലി ഒഴിവുകൾ; ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാം