തൃശൂര്‍: വിശ്വാസികള്‍ക്ക് മുന്നറിയിപ്പുമായി ഇരിങ്ങാലക്കുട അതിരൂപത. ക്രൈസ്‌തവരുടെ ജീവനും ജീവിതത്തിനും അവകാശങ്ങൾക്കും വേണ്ടി നിലകൊള്ളുമെന്ന് ഉറപ്പുള്ളവർക്ക് സമ്മതിദാനം വിനിയോഗിക്കണമെന്ന് രൂപത. സഭയ്ക്ക് രാഷ്ട്രീയമില്ല, എന്നാല്‍ കതിരും പതിരും തിരിച്ചറിയാൻ കഴിയുന്ന പ്രബുദ്ധരാണ് ക്രൈസ്‌തവരെന്നും രൂപത മുഖപത്രം ‘കേരളസഭ’.
ഏപ്രിൽ ലക്കത്തിലെ മുഖപ്രസംഗത്തിലാണ് വിശ്വാസികള്‍ക്കായുള്ള സഭയുടെ മുന്നറിയിപ്പ്. പണവും പ്രലോഭനങ്ങളും നൽകി വോട്ടർമാരെ സ്വാധീനിക്കുന്നുവെന്ന് പറയുന്ന മുഖപ്രസംഗം ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ കോടികൾ വാഗ്‌ദാനം ചെയ്‌ത് ജനപ്രതിനിധികളെ വിലക്ക് വാങ്ങി സർക്കാരുകളെ സൃഷ്‌ടിക്കുന്നത് ആവർത്തിക്കപ്പെടുന്ന അപഹാസ്യമായ നാടകങ്ങളാണെന്നും കുറ്റപ്പെടുത്തുന്നു (Kerala Sabha Editorial). ഈയിടെ പാര്‍ട്ടി മാറിയവരേയും മുഖപ്രസംഗം രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ അധികാരത്തിന്‍റെ പച്ചപ്പ് തേടുന്നവരാണ് പാർട്ടി മാറുന്നവരെന്നാണ് വിമര്‍ശനം. കോടതികളെയും സിബിഐ, ഇഡി തുടങ്ങിയ ജനാധിപത്യ സ്ഥാപനങ്ങളെ സ്വാധീനിക്കാനും പിടിച്ചെടുക്കാനും വിമത ശബ്‌ദങ്ങളെ അടിച്ചമർത്താനുമുള്ള അപകടകരമായ നീക്കങ്ങളും തല നീട്ടുന്നുവെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യ ജനാധിപത്യ രാഷ്ട്രമായി തുടരുമോയെന്നും, അതോ മതാധിപത്യ മതമൗലീക രാഷ്ട്രമായി മാറണമോയെന്നതും ഈ തെരഞ്ഞെടുപ്പ് വ്യക്തമാക്കുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ഇന്ത്യയിലെ പൗരന്മാരെന്ന നിലയിൽ തലയുയർത്തി നടക്കാനും ആഭിജാത്യ ബോധത്തോടെ ജീവിക്കാനും കഴിയുന്നതാവട്ടെ ചൂണ്ടുവിരലിൽ മഷി പുരളുമ്പോൾ ഉണ്ടാകുന്ന ചിന്തയെന്ന ആഹ്വാനത്തോടെയാണ് സഭ മുഖലേഖനം അവസാനിപ്പിക്കുന്നത്.