തിരുവനന്തപുരം: വിജയദശമിയുടെ ഭാഗമായി രാജ്‌ഭവനില്‍ വിദ്യാരംഭം സംഘടിപ്പിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നേതൃത്വത്തിലാണ് വിദ്യാരംഭം സംഘടിപ്പിച്ചത്. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന രാജ്‌ഭവനിലെ ചടങ്ങില്‍ ജാതി-മത ഭേദമന്യേ 55 ഓളം കുട്ടികളാണ് ആദ്യാക്ഷരം കുറിക്കാൻ എത്തിയത്. രാവിലെ പ്രത്യേക പൂജകൾക്കും സരസ്വതീ പൂജയ്‌ക്കും ശേഷമാണ് വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചത്. രാജ്ഭവൻ ജീവനക്കാരും കടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. കുരുന്നകള്‍ക്ക് ഇംഗ്ലീഷിലാണ് ഗവര്‍ണര്‍ ആദ്യാക്ഷരം കുറിച്ചു നല്‍കിയത്.
ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുരുന്നുകൾക്കും ഗവർണർ ആശംസകൾ അറിയിച്ചിരുന്നു. 'ലോകമെമ്പാടുമുള്ള കേരളീയർക്ക് വിജയദശമി ആശംസകൾ. അക്ഷരമാലയുടെയും, അറിവിന്‍റെയും ലോകത്തേക്ക് വിദ്യാരംഭം കുറിക്കുന്ന എല്ലാ കുരുന്നുകൾക്കും ആശംസകൾ നേരുന്നു,' എന്ന് ആരിഫ് മുഹമ്മദ് ഖാൻ കുറിച്ചു.
തിരുവനന്തപുരം സരസ്വതി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭം ചടങ്ങിൽ കോൺഗ്രസ് എംപി ശശി തരൂരും കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു നല്‍കി. കേരളത്തിലെ ഒരു പ്രധാനപ്പെട്ട ചടങ്ങാണ് വിദ്യാരംഭമെന്നും കുട്ടികള്‍ക്ക് ആദ്യാക്ഷരം നുകര്‍ന്നു നല്‍കി അറിവിന്‍റെ ലോകത്തേക്ക് കൈപിടിച്ച് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും ശശി തരൂര്‍ ദേശീയ മാധ്യമത്തിനോട് പ്രതികരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേസമയം, വിജയദശമി ദിനത്തില്‍ വിവിധ ക്ഷേത്രങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമായി നിരവധി കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. സാഹിത്യ, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംസ്ഥാനത്ത് ഉടനീളം ആചാര്യന്മാരായി കുട്ടികളെ എഴുത്തിനിരുത്തിയിരുന്നു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ഐരാണിമുട്ടം തുഞ്ചന്‍ സ്‌മാരകം, കരിക്കകം, ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രം, പൗര്‍ണമിക്കാവ് ദേവി ക്ഷേത്രം, മൂക്കോലയ്ക്കല്‍ ഭഗവതി ക്ഷേത്രം എന്നിങ്ങനെ പ്രമുഖ ക്ഷേത്രങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടന്നു.
Read Also: അറിവിന്‍റെ ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍; ഇന്ന് വിജയദശമി