എറണാകുളം: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റേത് കൊലപാതകമല്ല ആത്മഹത്യ തന്നെയെന്ന് പൊലീസ് ഹൈക്കോടതിയില്‍. കേസിലെ പ്രതി ദിവ്യ, ഉദ്യോഗസ്ഥരുടെ മുമ്പിൽ വെച്ച് അധിക്ഷേപിച്ചതിലുള്ള മാനസിക വിഷമത്തിലാണ് നവീൻ തൂങ്ങി മരിച്ചതെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു.
പഴുതില്ലാത്ത അന്വേഷണമാണ് നടത്തുന്നതെന്നും സിബിഐ വരേണ്ട ആവശ്യമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. കൊലപാതകം എന്നതിന്‍റെ യാതൊരു സൂചനയും എങ്ങു നിന്നും കിട്ടിയിട്ടില്ല. നവീൻ ബാബുവിന്‍റേയും ജില്ലാ കളക്‌ടറുടേയും പെട്രോൾ പമ്പിനായി അപേക്ഷ നൽകിയ പ്രശാന്തന്‍റേയും സിഡിആർ അടക്കമുള്ളവ പരിശോധിച്ചിട്ടുണ്ട്.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ദിവ്യ സിപിഎമ്മിൽ യാതൊരു പദവിയും നിലവിൽ വഹിക്കുന്നില്ല. നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട മുഴുവൻ സിസിടിവി ഫൂട്ടേജുകളും ശേഖരിച്ചിട്ടുണ്ട്. നവീൻ ബാബുവിന്‍റെ ആത്മഹത്യാക്കുറിപ്പ് കിട്ടിയിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കിക്കൊണ്ട് അന്വേഷണം സിബിഐയ്ക്ക് കൈമാറേണ്ടതില്ലെന്ന നിലപാട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചിരുന്നു. നിലവിലെ അന്വേഷണം കാര്യക്ഷമമാണെന്നും സർക്കാർ വ്യക്തമാക്കി. കോടതി നിർദേശിച്ചാൽ കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്നായിരുന്നു സിബിഐയുടെ നിലപാട്.
എന്നാൽ കേസ് ഏറ്റെടുക്കാൻ തയ്യാറാണോ എന്നല്ല പരിശോധിക്കുന്നതെന്നും സിബിഐ അന്വേഷണം ആവശ്യമാണോ എന്നാണ് പരിഗണിക്കുന്നതെന്നും ഹൈക്കോടതി മറുപടി നൽകിയിരുന്നു. രാഷ്ട്രീയ സ്വാധീനം ഉള്ളതു കൊണ്ടു മാത്രം അന്വേഷണം മോശമാവണമെന്നില്ല, പ്രതിയുടെ രാഷ്ട്രീയ ബന്ധം അന്വേഷണത്തെ ബാധിക്കുമോയെന്നും കോടതി ചോദ്യമുന്നയിച്ചു.
അന്വേഷണം പക്ഷപാതപരമെങ്കിൽ തെളിവ് വേണമെന്നും കോടതി നിലപാടെടുത്തിട്ടുണ്ട്. തുടർന്ന് നവീൻ ബാബുവിന്‍റെ കുടുംബം സത്യവാങ്മൂലം സമർപ്പിക്കാമെന്ന് വ്യക്തമാക്കിയതിന്‍റെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഈ മാസം 12 ലേക്ക് മാറ്റി.