തിരുവനന്തപുരം : കഴിഞ്ഞ വർഷം ഓൺലൈൻ തട്ടിപ്പിലൂടെ 201 കോടി കേരളത്തിന് നഷ്‌ടമായെന്നും എന്നെ പറ്റിച്ചോളൂവെന്ന തരത്തിൽ ആൾക്കാർ അങ്ങോട്ട് ചെന്ന് വീഴുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസ് സൈബർ ഡിവിഷൻ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊലീസുകാർ വ്യക്തിപരമായ ഈഗോയുമായി നടക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങൾ തടയാനായി രൂപീകരിച്ചതാണ് സൈബർ ഡിവിഷൻ. ക്രൈം ബ്രാഞ്ച് എഡിജിപി യുടെ നേതൃത്വത്തിൽ 2 എസ്‌പിമാർ ചേർന്നതാണ് പുതിയ സൈബർ ഡിവിഷൻ. സൈബർ കുറ്റകൃത്യങ്ങളിൽ അന്വേഷണം നടത്തുന്നതിന് പുറമെ കുറ്റകൃത്യങ്ങൾ തടയാൻ ഗവേഷണങ്ങളും ഉത്തരവാദിത്തമാണ്.
വിവിധ മേഖലകളിൽ മികവ് തെളിയിക്കാൻ സേനയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും എന്നാൽ പൊലീസുകാർ വ്യക്തിപരമായ ഈഗോയുമായി നടക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന വേദിയിൽ പറഞ്ഞു. കുട്ടികൾ ഇരകളാകുന്ന സൈബർ കേസുകൾ ഉണ്ടാകുന്നുണ്ട്. അവരുടെ ഭാവിക്ക് പ്രതികൂലമാകാതെ ഇത്തരം കേസുകൾ കൈകാര്യം ചെയ്യണം.
പലപ്പോഴും കുട്ടികളുടെ ഭാവി ഓർത്ത് കേസ് കൊടുക്കാത്ത സാഹചര്യവുമുണ്ട്. കേസുകളുടെ എണ്ണം സാങ്കേതികത വളരുന്നതിനോടൊപ്പം കൂടുന്നു. പഴുതുകൾ ഉപയോഗപ്പെടുത്തിയാണ് തട്ടിപ്പ് നടക്കുന്നത്. തട്ടിപ്പിനൊപ്പം ബോധപൂർവമായ ദുരുപയോഗവും നടക്കുന്നു. സമൂഹത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.