ആലപ്പുഴ : കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും കേരളത്തില്‍ പ്രതീക്ഷിക്കാന്‍ ബാക്കിവച്ച ഒരേയൊരു തരി കനലായിരുന്നു ആലപ്പുഴ. ഇത്തവണ ആ കനല്‍ കെടുത്താനുറച്ച് ദേശീയ രാഷ്ട്രീയക്കളരിയില്‍ പയറ്റിത്തെളിഞ്ഞ നേതാവിനെത്തന്നെ രംഗത്തിറക്കി യുഡി എഫ് മറുതന്ത്രം മെനഞ്ഞിരിക്കുകയാണ്.
തീരദേശമായ ആലപ്പുഴയിലെ മണ്ണ് പുന്നപ്ര വയലാര്‍ വിപ്ലവ ഭൂമിക കൂടിയാണെങ്കിലും ഇവിടെ വിജയ തിലകം ചൂടിയത് ഏറെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണെന്ന ചരിത്രം ആലപ്പുഴയിലെ യുഡിഎഫ് പ്രവര്‍ത്തകരുടെ ആത്മവീര്യം ഉയര്‍ത്തുന്നു. തീപ്പൊരി നേതാവ് ശോഭ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയായി എത്തിയതോടെ ബിജെപിയും പ്രചാരണ രംഗത്ത് ഏറെ മുന്നേറ്റമുണ്ടാക്കി.
കഴിഞ്ഞതവണ നേടിയ മണ്ഡലം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് സിപിഎം. രാഷ്ട്രീയ സാഹചര്യങ്ങള്‍ ഏറെ അനുകൂലമായതുകൊണ്ടു തന്നെ കഴിഞ്ഞ തവണത്തേതുപോലെ കാര്യങ്ങള്‍ ഫോട്ടോഫിനിഷിലേക്ക് പോകില്ലെന്ന് ഇടതുമുന്നണി കരുതുന്നു.
പ്രചാരണം അവസാന റൗണ്ടും പിന്നിടുമ്പോള്‍ കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളുടെ പട്ടികയിലേക്ക് ചേരുകയാണ് ആലപ്പുഴ. നിയമസഭയിലേക്കായാലും ലോക്‌സഭയിലേക്കായാലും ആലപ്പുഴയില്‍ നിന്ന് മുമ്പ് പലതവണ തെരഞ്ഞെടുപ്പുകളില്‍ വിജയക്കൊടി പാറിച്ച കെ സി വേണുഗോപാല്‍ കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം പിടിച്ചെടുക്കുകയെന്ന നിയോഗവുമായാണ് ഇത്തവണ ഇറങ്ങുന്നത്.
കെ സിക്കറിയാത്ത മുക്കും മൂലയുമില്ല ആലപ്പുഴയില്‍ എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തോടെ പറയുന്നു. എ ഐ സിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി മത്സരിക്കുന്നതിന്‍റെ ഗൗരവമുണ്ട് ആലപ്പുഴയിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും.
ദേശീയ നേതാക്കളുടെ സാന്നിധ്യം നാമനിര്‍ദേശ പകത്രികാസമര്‍പ്പണം മുതല്‍ ആലപ്പുഴയിലുണ്ടായിരുന്നു. കഴിഞ്ഞ തവണ ഇരുപതില്‍ ഇരുപതും എന്ന യുഡിഎഫ് സ്വപ്‌നം തകര്‍ത്ത എ എം ആരിഫിനെത്തന്നെ ഒരിക്കല്‍ക്കൂടി ഇറക്കിയാണ് സിപിഎം പരീക്ഷണം.
കണക്കുകള്‍ ഇങ്ങനെ:
വോട്ടര്‍മാര്‍
2024 ലോക്‌സഭ തെരഞ്ഞെടുപ്പ്
ആകെ വോട്ടര്‍മാര്‍ 14,00,083.
2019 ലോക്‌സഭ തെരഞ്ഞെടുപ്പ്
ആകെ വോട്ടര്‍മാര്‍ 1314535
പോളിങ്ങ് ശതമാനം 80.25
വോട്ടര്‍മാരിലെ വര്‍ധന - 85548
18-19 പ്രായപരിധിയിലുള്ള പുതിയ വോട്ടര്‍മാര്‍- 23,898
പുതിയ സ്ത്രീ വോട്ടര്‍മാര്‍ - 11839
പുതിയ പുരുഷ വോട്ടര്‍മാര്‍ - 12059
പോളിങ്ങ് സ്റ്റേഷനുകള്‍ - 1333
വോട്ടര്‍മാര്‍ സമുദായം തിരിച്ച്
2011 സെന്‍സസ് പ്രകാരം
മുസ്ലിം സമുദായം 11.8 ശതമാനം
ക്രിസ്ത്യന്‍ സമുദായം 19.86 ശതമാനം
ഹിന്ദു സമുദായം 68 ശതമാനം.
പട്ടിക ജാതി സമുദായം 9.93 ശതമാനം
പട്ടിക വര്‍ഗ സമുദായം 0.32 ശതമാനം
നിയമസഭാമണ്ഡലങ്ങളും വിജയിച്ച പാര്‍ട്ടിയും
അരൂര്‍ (എല്‍ ഡി എഫ്)
ചേര്‍ത്തല (എല്‍ ഡി എഫ്)
ആലപ്പുഴ (എല്‍ ഡി എഫ്)
അമ്പലപ്പുഴ (എല്‍ ഡി എഫ്)
കരുനാഗപ്പള്ളി (യു ഡി എഫ് )
ഹരിപ്പാട് (യുഡി എഫ്)
കായംകുളം(എല്‍ ഡി എഫ്)
2021 നിയമസഭാതെരഞ്ഞെടുപ്പ്- പാര്‍ട്ടികളും വോട്ടുകളും
അരൂര്‍ CPM 75617, Con 68604 BDJS 17479
ചേര്‍ത്തല CPI 83702 Con 77554 BDJS 14562
ആലപ്പുഴ CPM 73412 Con 61768 BJP 21650
അമ്പലപ്പുഴ CPM 61365 Con 50240 BJP 22389
ഹരിപ്പാട് CPI 59102 Con 72768 BJP 17890
കായം കുളം CPM 77348 Con 71050 BDJS 11413
കരുനാഗപ്പള്ളി CPI 65017 Con 94225 BJP 12144
തെരഞ്ഞെടുപ്പ് ഫലം 2019
എ എം ആരിഫ് - 445970
ഷാനിമോള്‍ ഉസ്‌മാന്‍ 435496
കെ എസ് രാധാകൃഷ്‌ണന്‍ 187729
ഭൂരിപക്ഷം 10474
ചരിത്രം:
ആലപ്പുഴ കൊല്ലം ജില്ലകളില്‍ പരന്നുകിടക്കുന്ന മണ്ഡലം. കയര്‍ മത്സ്യത്തൊഴിലാളികള്‍ ഏറെയുള്ള മണ്ഡലം. പികെവിയും സുശീല ഗോപാലനും കമ്യൂണിസ്റ്റ് വിജയ പതാക പാറിച്ച മണ്ഡലം. ഒരു തവണ ആര്‍ എസ് പി നേതാവിനേയും ജയിപ്പിച്ചുവിട്ടു. 1977 ല്‍ വിഎം സുധീരന്‍ ആദ്യമായി പാര്‍ലമെന്‍റംഗമായത് ആലപ്പുഴയില്‍ നിന്നായിരുന്നു.1980ല്‍ സുശീല ഗോപാലന്‍ സിപി എമ്മിനുവേണ്ടി സീറ്റ് തിരിച്ചുപിടിച്ചു.
1984ലും 1989ലും കോണ്‍ഗ്രസിനുവേണ്ടി വക്കം പുരുഷോത്തമന്‍ ആലപ്പുഴ സ്വന്തമാക്കി. 1991ല്‍ സിപിഎമ്മിന്‍റെ യുവ നേതാവ് ടിജെ ആഞ്ചലോസ് ആലപ്പുഴ എംപിയായി. 1996ലും 1999ലും വീണ്ടുമെത്തിയ സുധീരന്‍ ആലപ്പുഴയുടെ പാര്‍ലമെന്‍റംഗമായി. 2004ല്‍ കെ എസ് മനോജ് സിപിഎമ്മിനുവേണ്ടി ആലപ്പുഴ തിരിച്ചുപിടിച്ചു.
2004ല്‍ വെറും 1009 വോട്ടിനാണ് കെ എസ് മനോജ് വിഎം സുധീരനെ അട്ടിമറിച്ചത്. 8000 വോട്ട് പിടിച്ച അപരനടക്കം രംഗത്തുണ്ടായിരുന്നു.പിന്നീട് മനോജ് സിപിഎം വിട്ട് കോണ്‍ഗ്രസിലെത്തിയെന്നതും കൗതുകമായി. മണ്ഡല പുനര്‍ നിര്‍ണയത്തിന് ശേഷം 2009ല്‍ കരുനാഗപ്പള്ളി ആലപ്പുഴയുടെ ഭാഗമായി കൂട്ടിച്ചേര്‍ക്കപ്പെട്ടു.
2009ല്‍ സിപിഎമ്മിന്‍റെ കെ എസ് മനോജിനെ തോല്‍പ്പിച്ച് കെസി വേണുഗോപാല്‍ സീറ്റ് തിരിച്ചുപിടിച്ചു. 2014ലും കെസി വേണുഗോപാല്‍ വിജയം ആവര്‍ത്തിച്ചു. 2019ല്‍ ആരിഫ് സിപി എമ്മിനുവേണ്ടി മണ്ഡലം പിടിച്ചെടുത്തതുവരെ ചരിത്രം. ഇനി പുതിയ ജനവിധി.
2024 പാര്‍ട്ടികളും പ്രതീക്ഷകളും
യുഡിഎഫ്
2009 ലെ വോട്ട് വിഹിതം 51.85%, കെ സി വേണുഗോപാല്‍, നേടിയ വോട്ട് 468679
2014 ലെ വോട്ട് വിഹിതം 46.34%, കെ സി വേണുഗോപാല്‍, നേടിയ വോട്ട് 465525 -
2019 ലെ വോട്ട് വിഹിതം - 40.3 % ഷാനി മോള്‍ ഉസ്‌മാന്‍, കിട്ടിയ വോട്ട് 435496
2009ല്‍ കെസി വേണുഗോപാല്‍ മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ് നേടിയത് 468679 വോട്ടുകളാണ്. ആകെ പോള്‍ ചെയ്‌ത വോട്ടിന്‍റെ 51.85 ശതമാനവും അന്ന് കെസി സ്വന്തമാക്കി. എതിരാളി സിറ്റിങ്ങ് എംപി സിപിഎമ്മിലെ ഡോ. കെ എസ് മനോജ് 4,11,044 വോട്ട് നേടിയപ്പോള്‍ വിജയം 57635 വോട്ട് ഭൂരിപക്ഷത്തിനായിരുന്നു.
2014ലും കെ സി തന്നെ ആലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി. അത്തവണ ആകെ പോള്‍ ചെയ്‌ത വോട്ടിന്‍റെ 46.34% അതായത് 465525 വോട്ട് നേടി. എതിരാളി സിപിഎമ്മിലെ സിബി ചന്ദ്രബാബു 443118 വോട്ട് നേടി. ഭൂരിപക്ഷം 19407. കോണ്‍ഗ്രസിന്‍റെ വോട്ടുകളില്‍ വന്‍ ഇടിവ് കണ്ട 2014ല്‍ ആ വോട്ടുകളെല്ലാം പെട്ടിയിലാക്കി സിപിഎം ഭൂരിപക്ഷം കുറച്ചുകൊണ്ടുവന്നു.
2019 ല്‍ കെ സി വേണുഗോപാല്‍ മത്സരത്തില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ ഷാനിമോള്‍ ഉസ്‌മാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി. കോണ്‍ഗ്രസ് വോട്ട് വിഹിതം പിന്നേയും കുറഞ്ഞു. ആകെ പോള്‍ ചെയ്‌ത വോട്ടിന്‍റെ- 40.3 % മാത്രം നേടിയ യുഡി എഫ് 4,35,496 വോട്ടിലൊതുങ്ങി.
2009ല്‍ നിന്ന് 2014 ലെത്തുമ്പോള്‍ 3000 വോട്ടിന്‍റെ ഇടിവ് കോണ്‍ഗ്രസ് വോട്ടുകളിലുണ്ടായി. അത് 2019 ലെത്തുമ്പോള്‍ വീണ്ടും 30,000 വോട്ടിന്‍റെ ഇടിവ് കൂടി ഉണ്ടായി. 1996 ലും 2002ലും, 2006ലും ആലപ്പുഴയില്‍ നിന്നുള്ള നിയമസഭാംഗമായ ശേഷമാണ് കെ സി വേണുഗോപാല്‍ 2 തവണ ഇതേ മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്‍റിലേക്ക് പോയത്.
എൽഡിഎഫ്
2009 ലെ വോട്ട് വിഹിതം 45.48%, കെ എസ് മനോജ് - കിട്ടിയ വോട്ട് 411044
2014 ലെ വോട്ട് വിഹിതം- 44.4 % സിബി ചന്ദ്രബാബു - കിട്ടിയ വോട്ട് 443118
2019 ലെ വോട്ട് വിഹിതം-41.2 % എ എം ആരിഫ് 40.96 % - കിട്ടിയ വോട്ട് 445970
2009 മുതലുള്ള ഓരോ തെരഞ്ഞെടുപ്പിലും ആലപ്പുഴയില്‍ സിപി എം വോട്ടുകള്‍ വര്‍ധിപ്പിക്കുകയായിരുന്നു. പക്ഷേ വോട്ട് വിഹിതത്തില്‍ ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ഇടിവുണ്ടായി. അരൂര്‍ എം എല്‍ എയായിരുന്ന എ എം ആരിഫ് മത്സരിച്ചപ്പോള്‍ പാര്‍ട്ടി നേടിയത് ആകെ പോള്‍ ചെയ്‌ത വോട്ടിന്‍റെ- 40.96 % സിപി എം 445970 നേടിയപ്പോള്‍ ഭൂരിപക്ഷം 10474. ആരിഫ് പാര്‍ലമെന്‍റിലേക്ക് പോയി. 13 വര്‍ഷം അരൂര്‍ എം എല്‍ എ യായ ആരിഫ്. എം പിയായി ഒരു ടേം തികയ്ക്കുന്നു.
എൻഡിഎ
2009 ലെ വോട്ട് വിഹിതം 2.18 % സോണി ജെ കല്യാണ്‍ കുമാര്‍ - കിട്ടിയ വോട്ട് 19711
2014 ലെ വോട്ട് വിഹിതം - 4.31 % എ വി താമരാക്ഷന്‍ - കിട്ടിയ വോട്ട് 43051
2019 ലെ വോട്ട് വിഹിതം- 17.24 % കെ എസ് രാധാകൃഷ്‌ണന്‍ - കിട്ടിയ വോട്ട് 187729
എന്‍ഡിഎ മുന്നണിയില്‍ ആലപ്പുഴയില്‍ ബിജെപി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് കഴിഞ്ഞ തവണ മാത്രമാണ്. 2009 ല്‍ സോണി ജെ കല്യാണ്‍ കുമാര്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ നേടിയത് 19711 വോട്ടായിരുന്നു.
2014 ല്‍ എ വി താമരാക്ഷന്‍ മത്സരിച്ചപ്പോള്‍ കിട്ടിയത് 43051 വോട്ടായിരുന്നു. കഴിഞ്ഞ തവണ കെ എസ് രാധാകൃഷ്‌ണന്‍ മത്സരിച്ചപ്പോള്‍ ബിജെപി വോട്ടുകള്‍ കുതിച്ചുയര്‍ന്നു. ധീവര സമുദായത്തില്‍ നിന്നുള്ള കെ എസ് രാധാകൃഷ്‌ണന്‍ 1,87,729 വോട്ടുകള്‍ പിടിച്ചു.
2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിലും ആലപ്പുഴയിലും തീരെ മോശമല്ലാത്ത വോട്ട് നിലനിര്‍ത്താന്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് സാധിച്ചിരുന്നു.
സ്ഥാനാര്‍ഥികള്‍:
ആകെ 11 സ്ഥാനാര്‍ഥികളാണ് ആലപ്പുഴയില്‍ മത്സര രംഗത്തുള്ളത്. മൂന്ന് മുന്നണി സ്ഥാനാര്‍ഥികള്‍ക്കൊപ്പം ബിഎസ് പി, എസ്‌യുസിഐ സ്ഥാനാര്‍ഥികളും 6 സ്വതന്ത്രരും ആലപ്പുഴയില്‍ പോരിനിറങ്ങുന്നു.
സ്ഥാനാര്‍ഥികള്‍
എ എം ആരിഫ് - സിപിഎം
അഡ്വ കെ എം ഷാജഹാന്‍ - സ്വതന്ത്രൻ
കെ.കെ ശോഭന (ശോഭ സുരേന്ദ്രന്‍) - ബിജെപി
അര്‍ജുനന്‍ - എസ് യു സി ഐ
ജയകൃഷ്ണന്‍ പി - സ്വതന്ത്രൻ
ജ്യോതി അബ്രഹാം - സ്വതന്ത്രൻ
കെസി വേണുഗോപാല്‍ - കോണ്‍ഗ്രസ്
മുരളീധരന്‍ കോഞ്ചേരില്ലം - ബി എസ് പി
സതീഷ് ഷേണോയ് - സ്വതന്ത്രൻ
ഷാജഹാന്‍ വി എ - സ്വതന്ത്രൻ
വയലാര്‍ രാജീവന്‍ - സ്വതന്ത്രൻ
വിഷയങ്ങള്‍: കരിമണല്‍ കൊള്ളയും സി എം ആര്‍ എല്‍ എക്‌സാലോജിക് കള്ളപ്പണം വെളുപ്പിക്കലുമെല്ലാം ശക്തമായി ഉന്നയിക്കുകയാണ് ബിജെപി.
മേഖലയിലെ എസ് ഡി പിഐ അക്രമങ്ങള്‍, മത്സ്യമേഖലയിലെ കേന്ദ്രപദ്ധതികള്‍ നടപ്പാക്കാത്തത്, ദേശീയ പാതാവികസനത്തിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ എന്നിവയും ബിജെപി ചര്‍ച്ചയാക്കുന്നു.
എറണാകുളം തുറവൂര്‍ പാത ഇരട്ടിപ്പിക്കല്‍, ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, മെഗാ ഫുഡ് പാര്‍ക്ക് എന്നിവയില്‍ എംപിയുടെ ഇടപെടല്‍ എന്നിവയൊക്കെ സിപിഎം ഉയര്‍ത്തിക്കാട്ടുന്നു. ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക, മാവേലി സ്റ്റോറുകള്‍ കാലിയായത്, സിപിഎം വിഭാഗീയത, കായംകുളം ഉയരപ്പാതയില്‍ എം പിയുടെ നിസംഗത എന്നിവ യുഡി എഫ് പ്രചാരണ വിഷയമാക്കുന്നു. മുന്‍ സിപിഎം സഹയാത്രികന്‍ കെ എം ഷാജഹാന്‍ സ്വതന്ത്രനായി രംഗത്തുണ്ട്.
സമുദായ സ്വാധീനം:
ഈഴവ വോട്ട് നിര്‍ണായകമായ മണ്ഡലത്തില്‍ എസ് എന്‍ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശന്‍റെ പിന്തുണ മൂന്ന് മുന്നണികള്‍ക്കും പ്രധാനമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇടപെട്ട് വെള്ളാപ്പള്ളിയുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമം ആലപ്പുഴയില്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്. എങ്കിലും വെള്ളാപ്പള്ളി പരസ്യമായി നിലപാട് വ്യക്തമാക്കിയിട്ടില്ല.
മുമ്പ് ആരിഫിന് പിന്തുണ പ്രഖ്യാപിച്ച വെള്ളാപ്പള്ളി ഇത്തവണയും ഇടതുമുന്നണിക്ക് തന്നെ പിന്തുണ നല്‍കുമോയെന്ന് വ്യക്തമല്ല. ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രനും എസ് എന്‍ഡിപി പിന്തുണനേടാന്‍ രംഗത്തുണ്ട്. എന്‍ എസ് എസ്, കെസി വേണുഗോപാലിനെ പിന്തുണയ്ക്കാനാണ് സാധ്യത.
2019ല്‍ 7 ല്‍ 5 അസംബ്ലി മണ്ഡലങ്ങളിലും ഷാനിമോള്‍ ഉസ്‌മാനായിരുന്നു ലീഡ് നേടിയത്. ചേര്‍ത്തലയിലെയും കായംകുളത്തേയും ലീഡിലാണ് എ എം ആരിഫ് മണ്ഡലം പിടിച്ചത്. ചേര്‍ത്തലയില്‍ 16895 വോട്ടും കായംകുളത്ത് 4297 വോട്ടിനും ആരിഫ് ലീഡ് ചെയ്‌തു. അരൂരില്‍ 648, ആലപ്പുഴ 69 അമ്പലപ്പുഴ 638 ഹരിപ്പാട് 5844,കരുനാഗപ്പള്ളി 4780 എന്നിങ്ങനെ ലീഡ് പിടിച്ച ഷാനിമോള്‍ ഏതാണ്ട് വിജയം ഉറപ്പിച്ചതായിരുന്നു.
ഇത്തവണ വളരെ മുന്‍കൂട്ടിത്തന്നെ നവകേരള സദസുമായി ഇടതുമുന്നണിയും സമരാഗ്നിയുമായി യുഡിഎഫും. കേരള പദയാത്രയുമായി ബിജെപിയും ആലപ്പുഴയിലും കളമൊരുക്കിയിരുന്നു. ബൂത്ത് തലത്തിലെ ജനസമ്പര്‍ക്ക പരിപാടിയില്‍ മൂന്നുമുന്നണികളും ശ്രദ്ധയൂന്നുന്നുണ്ട്. പരസ്യ പ്രചാരണത്തില്‍ യുഡിഎഫും എല്‍ഡിഎഫും എന്‍ഡിഎയും ഒരുപോലെ മുന്നേറുമ്പോള്‍ വീടുകയറിയുള്ള ജനസമ്പര്‍ക്കത്തില്‍ എന്‍ഡിഎയാണ് മുന്നില്‍.
അവസാന നിമിഷമെങ്കിലും കായംകുളത്ത് ശക്തമായ വിഭാഗീയത അവസാനിപ്പിക്കാനായത് സിപിഎമ്മിന് അല്‍പ്പം ആശ്വാസം നല്‍കുന്നുണ്ട്. പത്തിയൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും ഏരിയ കമ്മിറ്റി അംഗവുമായ വനിത നേതാവ് കെ എല്‍ പ്രസന്ന കുമാരിയും സസ്പെന്‍ഡ് ചെയ്യപ്പെട്ട മകന്‍ ബിപിന്‍ സി ബാബുവും ജില്ല സെക്രട്ടറിയേറ്റംഗം ബാബുജാനെതിരെ ഉന്നയിച്ച ആരോപണങ്ങളും തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയും സംഘടനയ്ക്ക് വലിയ പരിക്കില്ലാതെ ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി സജി ചെറിയാന്‍ തന്നെ നേരിട്ട് രംഗത്തിറങ്ങുകയായിരുന്നു.
ആലപ്പുഴയില്‍ പലകാരണങ്ങളാല്‍ തരംതാഴ്ത്തുകയോ ഒഴിവാക്കുകയോ ഒക്കെ ചെയ്‌ത പിപി ചിത്തരഞ്ജന്‍ എംഎല്‍എ ഉള്‍പ്പടെയുള്ളവരുടെ മുന്‍ പദവികള്‍ പുനസ്ഥാപിച്ചതും ശ്രദ്ധേയമായിരുന്നു. അച്ചടക്ക നടപടി നേരിട്ട 40 പേര്‍ക്ക് ഇളവുനല്‍കുകയായിരുന്നു.
വിഭാഗീയതയെത്തുടര്‍ന്ന് പിരിച്ചുവിട്ട ഹരിപ്പാട്, ആലപ്പുഴ ഏരിയ കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ പി കെ ബിജു, ടി പി രാമകൃഷ്‌ണന്‍ എന്നിവരടങ്ങിയ അന്വേഷണ കമ്മീഷന്‍റെ കണ്ടെത്തലിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ പുറത്താക്കുകയോ നടപടിയെടുക്കുകയോ ചെയ്‌തവരെയാണ് തിരികെയെടുത്തത്.
ആലപ്പുഴയിലെ സിപിഎം നേതാക്കളില്‍ മുന്‍ മന്ത്രി ജി സുധാകരന്‍ നിശബ്‌ദനാണ്. തോമസ് ഐസക്ക് പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയുമാണ്. മന്ത്രി സജി ചെറിയാനാണ് സിപിഎം പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. കോണ്‍ഗ്രസ് പക്ഷത്താണെങ്കില്‍ എഐസിസി ജനറല്‍ സെക്രട്ടറി മത്സരിക്കുന്നതുകൊണ്ടുതന്നെ നേതാക്കളുടെ നിരതന്നെ സജീവമായിരുന്നു. ജൂണ്‍ നാലിന് ആലപ്പുഴ സെന്‍റ് ജോസഫ്‌സ് കോളജ്, ആലപ്പുഴ എച്ച് എസ് എസ് കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുക.