വയനാട് : ഉരുൾപൊട്ടൽ ദുരിതബാധിതരെ മാറ്റിപാർപ്പിക്കുന്നതിൽ കാലതാമസം ഉണ്ടാകരുതെന്ന് ഹൈക്കോടതിയുടെ നിർദേശം. ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് പുനരധിവാസ പ്രവർത്തികൾ വേഗത്തിലാക്കാൻ സർക്കാരിന് നിർദേശം നൽകിയത്. ക്യാമ്പുകളിൽ നിന്ന് ദുരിതബാധിതരെ ഒരാഴ്‌ചക്കുളിൽ മാറ്റി താമസിപ്പിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.
മാറ്റിപാർപ്പിക്കാൻ വീടുകൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവ ഏറ്റെടുത്ത് സൗകര്യമൊരുക്കാം. ദുരിത ബാധിതരുടെ ആശുപത്രി ബില്ലുകൾ സർക്കാർ തന്നെ നേരിട്ട് കൊടുത്ത് തീർക്കണമെന്നും ഡിവിഷൻ ബഞ്ച് പറഞ്ഞു. ബാങ്കുകൾ സർക്കാർ സഹായത്തിൽ നിന്നും ഇഎംഐ പിടിച്ചാൽ അക്കാര്യം അറിയിക്കാനും കോടതി നിർദേശം നൽകി. ഇത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ശക്തമായ നടപടി ഉണ്ടാകും.
നാഷണൽ ബാങ്കുകൾ വായ്‌പ തിരിച്ചുപിടിക്കുന്നത് തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരാഴ്‌ചയ്ക്കകം നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഗാഡ്‌ഗിൽ - കസ്‌തൂരി രംഗൻ റിപ്പോർട്ടുകൾ ടൗൺഷിപ്പ് നിർമാണത്തിനെതിരാണ്. അതിനാൽ ടൗൺഷിപ്പിന്‍റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുൻപ് കൃത്യമായ വിശദംശങ്ങൾ ഹൈക്കോടതിയെ അറിയിക്കണമെന്നും ഡിവിഷൻ ബഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. തുടർന്ന് കേസ് അടുത്തയാഴ്‌ചയിലേക്ക് മാറ്റി.