എറണാകുളം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയും എസ് എൻ ട്രസ്റ്റ് കോളജുകളുടെ മാനേജരുമായ വെള്ളാപ്പള്ളി നടേശനെതിരായ അറസ്റ്റ് വാറൻ്റ് ഹൈക്കോടതി സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്‌തു. കേരള സർവകലാശാല അപ്പലേറ്റ് ട്രൈബ്യൂണലിന്‍റെ വാറൻ്റാണ് സ്റ്റേ ചെയ്‌തത്. കൊല്ലം നെടുങ്കണ്ട എസ് എൻ ട്രെയിനിങ് കോളജിലെ അസോയിയേറ്റ് പ്രൊഫസർ ഡോ. ആർ പ്രവീണിനെതിരായ കുറ്റാരോപണ മെമ്മോയും, സസ്‌പെഷൻ ഉത്തരവും മറ്റ് ശിക്ഷണ നടപടികളും റദ്ദാക്കി തിരികെ സർവീസിൽ പ്രവേശിപ്പിക്കാൻ നേരത്തെ ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവ് നടപ്പാക്കിയില്ലെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്. ഇതിനെതിരെ വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചിരുന്നു. ജസ്റ്റിസ് ടി ആർ രവിയുടെ ബെഞ്ചാണ് അറസ്റ്റ് വാറൻ്റിന് സ്റ്റേ അനുവദിച്ചത്. സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റിസ് ടി.ആർ.രവിയുടെ ബഞ്ച് സ്റ്റേ അനുവദിച്ചത്.
ശിക്ഷ നടപടികൾക്ക് എതിരായ അപ്പീൽ പരിഗണിക്കാൻ ട്രൈബ്യൂണലിന് അധികാരമില്ലെന്നും, ഉത്തരവ് അസാധുവാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വാദം. വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്‌ത് ഹാജരാക്കണമെന്നും, പരാതിക്കാരന് നഷ്‌ടപരിഹാരം നൽകണമെന്നുമായിരുന്നു യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ ഉത്തരവ്.