പത്തനംതിട്ട: ശബരിമലയിൽ ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് ഡോളി എത്തിക്കുന്നതിന് സംവിധാനം വേണമെന്ന് ഹൈക്കോടതി. പൊലീസും ദേവസ്വം ബോർഡും ഇക്കാര്യം ഉറപ്പാക്കണമെന്നും നിർദേശം.
ഭിന്നശേഷിക്കാരനായ പാലോട് സ്വദേശി സജീവിന് പമ്പയിലെത്തിയ സമയം പൊലീസ് ഡോളി നിഷേധിച്ച വാർത്ത ചർച്ചയായിരുന്നു.ഈ വിഷയത്തിൽ ശബരിമല പൊലീസ് ചീഫ് കോർഡിനേറ്ററോട് കോടതി റിപ്പോർട്ടും തേടിയിരുന്നു. തുടർന്നാണ് ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് ഡോളി എത്തിക്കുന്നതിന് സംവിധാനം വേണമെന്നുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ശാരീരികാവശതയുള്ളവരുടെ വാഹനങ്ങള്‍ നിലയ്ക്കൽ പിന്നിടുമ്പോൾ പമ്പയിലേക്ക് പൊലീസ് വിവരങ്ങൾ കൈമാറണം. തുടർന്ന് പമ്പയിൽ ഡോളിയ്ക്കായുള്ള ക്രമീകരണങ്ങളും ഒരുക്കണമെന്നാണ് കോടതി നിർദേശം. നിലയ്ക്കലിൽ നിന്ന് ശാരീരികാവശതയുള്ള ഭക്തന് ഡോളി വേണമെന്നുള്ള വിവരങ്ങൾ പൊലീസ് യഥാസമയം പമ്പയിൽ അറിയിച്ചാല്‍ അവിടെയെത്തുമ്പോൾ ഡോളിയ്ക്കായി കാത്തു നിൽക്കേണ്ട സാഹചര്യം ഒഴിവാക്കാനുമാകും.
അതിനിടെ പമ്പ-സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിൽ തിരക്ക് നിയന്ത്രണ വിധേയമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. നിലയ്ക്കൽ ബേസ് ക്യാമ്പിൽ നടക്കുന്ന അനധlകൃത വ്യാപാരത്തിൽ നടപടി സ്വീകരിക്കാനും ഹൈക്കോടതി നിർദേശിച്ചു.